തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് പിന്നാലെ ബിജെപിയില്‍ പെയ്ഡ് സീറ്റ് ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒൻപത് ജില്ലകളില്‍ സീറ്റ് കച്ചവടം നടത്തിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഘടകകക്ഷികളില്‍ നിന്നടക്കം പണം വാങ്ങി സീറ്റ് കച്ചവടം നടത്തി. അതേസമയം തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ഒതുക്കി തീർക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് ബിജെപി കേന്ദ്ര സംസ്‌ഥാന നേതൃത്വങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 9 ജില്ലകളില്‍ ബിജെപി സീറ്റ് കച്ചവടം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിജയ സാധ്യത ഏറിയ മണ്ഡലങ്ങളിലാണ് പണം കൊടുത്ത് സീറ്റ് കച്ചവടം നടത്തിയത്. ഇൗ സീറ്റുകളിലൊന്നും വിജയിക്കാതായതോടെയാണ് പണം കൊടുത്ത് സീറ്റ് വാങ്ങിയവർ നേതാക്കള്‍ക്കെതിരെ തിരിഞ്ഞത്.
എറണാകുളം, തൃശ്ശൂര്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആരോപണം ഉയർന്നുവന്നിരിക്കുന്നത്. ഇതിനുപുറമെ ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലും സീറ്റ് കച്ചവടം നടന്നെന്നാണ് സൂചനകള്‍. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പെയ്ഡ് സീറ്റ് ആരോപണം നിലനില്‍ക്കുന്നത്.തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പ്രതിരോധത്തിലായ ബിജെപി നേതൃത്വത്തെ പുതിയ വിവാദങ്ങളും വലയ്ക്കുകയാണ്.
ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് സംസ്ഥാനങ്ങളില്‍ ബിജെപി ഒഴുക്കിയ ഫണ്ടിന്റെ കണക്കും ചർച്ചയാകുന്നുണ്ട്. ആരോപണ വിധേയരായവർക്കെതിരെ പാർട്ടി തലത്തില്‍ നടപടിയെടുത്ത് ഫണ്ട് വിവാദം ഒതുക്കി തീർക്കാനാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നീക്കം.
ഇതിന്റെ ഭാഗമായി ദില്ലിയില്‍ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ തിരക്കിട്ട ചർച്ചകളും നടക്കുന്നുണ്ട്. അതേസമയം കോർ കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേർത്ത് ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

















