കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും സുധാകരൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമാണ് സുധാകരനും കുടുംബവും ദേശീയ നേതാക്കളെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടുങ്കാറ്റിലും പരീക്ഷണഘട്ടങ്ങളിലും കേരള ജനതയ്ക്കായി പോരാടാൻ ജീവിതം മാറ്റിവെച്ച വ്യക്തിയാണ് കെ. സുധാകരൻ. ഒരു യഥാർഥ കോണ്‍ഗ്രസ് പോരാളിയുടെ കരുത്തും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണ്. 100 സീറ്റുകളുമായി വൻ വിജയത്തിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത് എന്ന് രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരൻ പ്രകടിപ്പിച്ചിരുന്നെങ്കിലും, നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കേന്ദ്ര തീരുമാനത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുധാകരൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതോടെ ശക്തമായി. എന്നാല്‍, സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കൊണ്ട് താൻ പാർട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് സുധാകരൻ പ്രഖ്യാപിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ സുധാകരൻ കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനൻ, പേരാവൂർ സ്ഥാനാർഥി സണ്ണി ജോസഫ് എന്നിവരുടെ പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചത്. സുധാകരനും ഹൈക്കമാൻഡും തമ്മില്‍ മികച്ച ഏകോപനത്തിലാണെന്ന കൃത്യമായ സന്ദേശമാണ് രാഹുലിന്റെ വാക്കുകള്‍ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക