ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നത് ദുഷ്ട മനസ്സ് ഉള്ളവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗാണ് ഇത്തരം പ്രചരണം നടത്തുന്നത്.താനൊരു മുസ്ലീം വിരോധിയല്ല, സമുദായം കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
യുഡിഎഫ് 100 സീറ്റില്‍ വിജയിച്ചാല്‍ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞുവല്ലോയെന്ന ചോദ്യത്തിന് അങ്ങനെ പലതും പറഞ്ഞുകാണുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. യുഡിഎഫില്‍ മുഖ്യമന്ത്രിയാകാൻ കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും യോഗ്യതയുള്ളവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കൂടുതല്‍ ഭരണ പരിചയം ഉള്ളയാള്‍ രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്ലപോലെ പ്രകടനം കാണിച്ചുവെച്ച ആളെന്ന നിലയ്ക്ക് വിഡി സതീശൻ യോഗ്യനാണ്. കെസി വേണുഗോപാലും മിടുക്കനാണ്. കേരളത്തില്‍ നിന്ന് പലപ്പോഴും തട്ടും മുട്ടും ഞാൻ ഉള്‍പ്പെടെ കൊടുത്തിട്ടുള്ള ആളാണ്. പക്ഷേ ഇന്നിപ്പോള്‍ അദ്ദേഹം ഇന്ത്യയില്‍ കോണ്‍ഗ്രസ് എങ്ങനെ നയിക്കണം എങ്ങനെ പോകണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരമുള്ള അതികായനായ ഒരു നേതാവായി.
ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റോ അല്ലെങ്കില്‍ സോണിയയോ കഴിഞ്ഞാല്‍ മൂന്നാമത്തെ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഏറെ വില ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻ്റില്‍ ഉണ്ട്. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും. അദ്ദേഹം തന്നെ വരുമോ എന്ന് എനിക്ക് സംശയമാണ്. കാരണം കൊച്ചു കേരളം ഇവിടെ എന്നാണിരിക്കുന്നത്. എംഎല്‍എമാരില്‍ മഹാപൂരിപക്ഷം എംപിമാരും വേണുഗോപാലിന്റെ കൂടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തെയും തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെയും ശില്പി അദ്ദേഹം തന്നെയാണ് .മണി പവർ നല്ലപോലെ കാണിച്ചു പ്രവർത്തിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കികൊടുക്കുകയും പാർട്ടി നിലയിലും സ്വന്തം നിലയിലും ഫണ്ടിംഗ് കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസുകാരെ ജയിപ്പിക്കാൻ ഏറ്റവും കരുത്തായ ഒരു പ്രകടനം കാഴ്ചവെച്ച ആളാണ്.
പ്രവർത്തന പാരമ്പര്യവും പരിചയവമുള്ള ആളാണ് രമേശ് ചെന്നിത്തല. മെയ് വഴക്കമുള്ള ആള്, എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള നയവും നയചാരുതയും ചെന്നിത്തലയ്ക്കുണ്ട്.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രഗത്ഭനായിരുന്നു വിഡി സതീശൻ. അതുകൊണ്ട് മൂന്ന് പേരില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും.
ഇടതുപക്ഷം പരാജയപ്പെടാൻ കാരണം ഞാനാണെന്ന് പറയുന്നത് ചില ദുഷ്ട മനസുള്ളവരാണ്. ലീഗുകാരാണ് ഈ പ്രചരണത്തിന് പിന്നില്‍. ഞാൻ മുസ്ലീം വിരോധിയല്ല. അവർ കാണിച്ച വിവേചനത്തിനെതിരെ പറഞ്ഞപ്പോഴാണ് എന്നെ ക്രൂശിക്കാൻ തുടങ്ങിയത്. എൻ്റെ നിലപാടില്‍ ഇനിയും ഞാൻ മാറ്റം വരുത്തില്ല. ഓലപ്പാമ്പുകാണിച്ച് ആരും പേടിപ്പിക്കാൻ നോക്കേണ്ട.മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി തീവ്രവാദിയൊന്നുമില്ല. മലപ്പുറത്ത് അയാള്‍ക്ക് എല്ലാവരുടേയും പിന്തുണ കിട്ടി. എന്നാല്‍ കെഎം ഷാജി തീവ്രവാദിയാണ്. മതമാണ് വിഷയം എന്നൊക്കെ പറയുന്നത് തീവ്രവാദികളുടെ വാക്കുകളാണ്’, വെള്ളാപ്പള്ളി പറഞ്ഞു.

















