സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ജൂണ്‍ 15 മുതല്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പ്രഖ്യാപനം വന്നതിന് പിന്നാലെ ഇതിനെ സ്വാഗതം ചെയ്തും ആശങ്ക പ്രകടിപ്പിച്ചും നിരവധിപേരാണ് രംഗത്തുവരുന്നത്.
നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സമാന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ പദ്ധതിയിലേക്ക് കടന്നത് പശ്ചിമ ബംഗാള്‍ ആണ്. ജൂണ്‍ 1 മുതല്‍ അവിടെയുള്ള സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകും.
ഇന്ത്യയില്‍ നിലവില്‍ എട്ട് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രാ സൗകര്യമുണ്ട്. വിദ്യാർഥിനികള്‍, ജോലി ചെയ്യുന്നവർ, സാധാരണ തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ പദ്ധതികള്‍ വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
ഡല്‍ഹി
സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രയില്‍ രാജ്യത്തിന് മാതൃകയായി മാറിയത് ഡല്‍ഹിയാണ്. 2019ല്‍ ആരംഭിച്ച ‘പിങ്ക് ടിക്കറ്റ്’ പദ്ധതിയിലൂടെ ഡല്‍ഹി ട്രാൻസ്‌പോർട്ട് കോർപറേഷനും ക്ലസ്റ്റർ ബസുകളിലും സ്ത്രീകള്‍ക്ക് പൂർണമായും സൗജന്യ യാത്ര ഉറപ്പാക്കി. പദ്ധതി കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
തമിഴ്നാട്
2021 മുതല്‍ തമിഴ്‌നാട്ടില്‍ ഓർഡിനറി ടൗണ്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാണ്. ‘വിഡിയല്‍ പയനം തിട്ടം’ എന്ന പേരില്‍ ആരംഭിച്ച പദ്ധതി ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഗുണം ചെയ്തതായി സർക്കാർ വ്യക്തമാക്കിയിരുന്നു. സൗജന്യ യാത്രാ ബസുകള്‍ തിരിച്ചറിയാൻ പ്രത്യേക പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.
കർണാടക
2023 ജൂണില്‍ ആരംഭിച്ച ‘ശക്തി’ പദ്ധതിയിലൂടെ കർണാടകത്തില്‍ ലക്ഷ്വറി വിഭാഗത്തില്‍പ്പെടാത്ത സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിന് പുറമേ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികള്‍ക്കും സൗജന്യ യാത്രാ സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.
തെലങ്കാന
‘മഹാലക്ഷ്മി’ പദ്ധതിയിലൂടെ 2023 ഡിസംബറില്‍ തെലങ്കാന സർക്കാർ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും എസി ഇതര സർക്കാർ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചു. ആർടിസിയുടെ എക്‌സ്പ്രസ്, ഓർഡിനറി സർവീസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
പഞ്ചാബ്
2021 ഏപ്രില്‍ മുതല്‍ പഞ്ചാബില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാണ്. ആധാർ കാർഡ് അല്ലെങ്കില്‍ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാ ആനുകൂല്യം ലഭിക്കും.
ആന്ധ്രാപ്രദേശ്
2025 ഓഗസ്റ്റില്‍ ആരംഭിച്ച ‘സ്ത്രീ ശക്തി’ പദ്ധതിയിലൂടെ ആന്ധ്രാപ്രദേശിലെ വനിതകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും തിരഞ്ഞെടുത്ത എപിഎസ്‌ആർടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തെ സർക്കാർ ബസുകളുടെ ഭൂരിഭാഗത്തിലും ഈ സംവിധാനം നിലവിലുണ്ട്.
ജമ്മു കശ്മീർ
2025 ഏപ്രില്‍ മുതല്‍ ജമ്മു കശ്മീരില്‍ സ്ത്രീകള്‍ക്കും വിദ്യാർഥിനികള്‍ക്കും ആർടിസി ബസുകളിലും സ്മാർട്ട് സിറ്റി ഇ-ബസുകളിലും സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കി.
പശ്ചിമ ബംഗാള്‍
സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച ഏറ്റവും പുതിയ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ജൂണ്‍ 1 മുതല്‍ സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് തീരുമാനം. ഇതിനായി ‘പിങ്ക് ടിക്കറ്റ്’ അല്ലെങ്കില്‍ ‘സീറോ ഫെയർ’ സംവിധാനം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

















