രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ആഗോളതലത്തില്‍ രൂക്ഷമായി തുടരുന്ന സംഘർഷങ്ങള്‍ രാജ്യത്തെ ഇന്ധനവില വർദ്ധനവിലേക്കും ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിലേക്കും നയിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

റായ്ബറേലിയിലും അമേഠിയിലും നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിസന്ധി സമ്പന്നരെ ബാധിക്കില്ലെന്നും മറിച്ച്‌ സാധാരണക്കാരെയാവും നേരിട്ട് ബാധിക്കുകയെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. “ആരാണ് കഷ്ടപ്പെടുക? അദാനിയും അംബാനിയും അല്ല. അവർ അവരുടെ കൊട്ടാരങ്ങളില്‍ സുരക്ഷിതരായിരിക്കും. ഇന്ത്യയിലെ കർഷകർ, തൊഴിലാളികള്‍, യുവാക്കള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെയായിരിക്കും ഈ തിരിച്ചടി ബാധിക്കുക,” രാഹുല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ലോകത്തിലെ എണ്ണയുടെ ഭൂരിഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ്. ലോകം ഇപ്പോള്‍ എണ്ണ, ഡീസല്‍, രാസവളങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പണപ്പെരുപ്പം ആകാശത്തോളമുയരും. കർഷകരും തൊഴിലാളികളും സാധാരണക്കാരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാൻ പോകുന്നത്,” രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് ചെലവുചുരുക്കല്‍ ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി നടത്തുന്ന വിദേശ സന്ദർശനങ്ങളെയും അദ്ദേഹം പരിഹസിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പകരം അദാനിയെ സഹായിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി വിദേശത്ത് പോയി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

നോട്ടുനിരോധനവും കോവിഡ് കാലത്തെ കേന്ദ്ര നയങ്ങളും പരാമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ രാഷ്ട്രീയമായി ബോധവാന്മാരാകണമെന്ന് അഭ്യർത്ഥിച്ചു. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായുള്ള ഹൃദയബന്ധം ആവർത്തിച്ച രാഹുല്‍, പ്രിയങ്ക ഗാന്ധിയും താനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് മണ്ഡലത്തിലെ ജനങ്ങളുമായി ആഴത്തിലുള്ള രാഷ്ട്രീയ-വൈകാരിക ബന്ധമാണുള്ളതെന്നും കൂട്ടിച്ചേർത്തു.

2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡല സന്ദർശനമെന്നാണ് വിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന്റെ കോട്ടകളില്‍ നിന്ന് രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശം തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ തന്ത്രം രൂപപ്പെടുത്താൻ സഹായിക്കുമെന്ന് നേതാക്കള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക