സിബിഎസ്‌ഇയുടെ പുനർമൂല്യനിർണയത്തെയും അതിനോടനുബന്ധിച്ച് വിദ്യാർഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നതിനെയും കുറ്റപ്പെടുത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഉത്തരപേപ്പറുകളുടെ മൂല്യനിർണയം നടത്തുന്നതില്‍ തെറ്റ് വരുത്തിയത് സിബിഎസ്‌ഇയാണെന്നും എന്നാല്‍ ശിക്ഷ നല്‍കുന്നത് വിദ്യാർഥികള്‍ക്കും വരുമാനം സർക്കാരിനാണെന്നും രാഹുല്‍ എക്സില്‍ വിമർശിച്ചു.
പോക്കറ്റടിക്കാരെ സൂക്ഷിച്ചുകൊള്ളാനും അവർ ഇന്ന് സിബിഎസ്‌ഇയുടെ ഉള്ളിലാണ് ഇരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.സിബിഎസ്‌ഇയുടെ പിഴവുകാരണം മാർക്കുകള്‍ തെറ്റിയാല്‍ ഒരു വിഷയത്തിന്റെ ഡിജിറ്റല്‍ സ്കാൻ കോപ്പിക്ക് 100 രൂപയും ആകെ മാർക്കുകള്‍ വീണ്ടും കണക്കുകൂട്ടുന്നതിന് 100 രൂപയും പുനർമൂല്യനിർണയത്തിന് ഒരു ചോദ്യത്തിന് 25 രൂപയും നല്‍കണമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
സിബിഎസ്‌ഇ ക്രമക്കേടുകളെപ്പറ്റി രാഹുലിനോടു സംവദിച്ച വിദ്യാർഥികളും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇത്തരം അപേക്ഷകള്‍ നാലു ലക്ഷം വിദ്യാർഥികള്‍ സമർപ്പിക്കുന്പോള്‍ എത്രമാത്രമാണു സിബിഎസ്‌ഇ പണം കൊയ്യുന്നതെന്ന് ആലോചിച്ചുനോക്കൂ. വിദ്യാഭ്യാസം സേവനത്തില്‍നിന്നു വ്യാപാരത്തിലേക്ക് മാറുന്പോള്‍ തെറ്റുകള്‍ തിരുത്തപ്പെടുകയല്ല, അവ വർധിക്കുകയാണ് -രാഹുല്‍ കൂട്ടിച്ചേർത്തു.
















