തെരഞ്ഞെടുപ്പിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതിനാൽ ഡിസിസി അധ്യക്ഷന്റെ ചുമതല നിർവഹിക്കുവാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നാല് ഡിസിസി വൈസ് പ്രസിഡണ്ട്മാർ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. കെപിസിസിയുടെതാണ് തീരുമാനം. ബിജു പുന്നത്താനം, മോഹൻ കെ നായർ, ജി ഗോപകുമാർ, യൂജിൻ തോമസ് എന്നിവർക്കാണ് ചുമതല.
ഈ പട്ടികയിലെ ബിജു പുന്നത്താനവും, ജി ഗോപകുമാറും ഡിസിസി അധ്യക്ഷപദവിയിലേക്ക് നേരത്തെ തന്നെ ഉയർന്നു കേൾക്കുന്ന പേരുകളാണ്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്ന ഈ നിലകളിൽ സംഘാടന പാടവവും, ഭരണ മികവും പുലർത്തിയ ബിജു പുനത്താനം തെരഞ്ഞെടുപ്പിന് ശേഷമുള്ള പുനസംഘടനയിൽ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് വിലയിരുത്തപ്പെടുന്ന പ്രമുഖ നേതാവ് കൂടിയാണ്.
കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും തന്ത്രങ്ങളും ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും ഇനി ഈ സമിതിയുടെ ചുമതലയാകും. കോട്ടയത്തെ 9 നിയമസഭാ സീറ്റുകളിൽ 6 സീറ്റുകളിൽ കോൺഗ്രസ്, 2 സീറ്റുകളിൽ കേരള കോൺഗ്രസ്, പാലാ സീറ്റിൽ കെ ഡി പി എന്നിങ്ങനെയാണ് മത്സരിക്കുന്നത്. യുഡിഎഫിന് ഏറെ നന്നായി കോട്ടയം ജില്ലയിൽ കോൺഗ്രസിന്റെ സംഘടന സംവിധാനം എണ്ണയുടെ യന്ത്രം പോലെ ചലിപ്പിക്കുക എന്നതാണ് പുതിയ ചുമതലക്കാരുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം.













