പത്തനംതിട്ട കോന്നിയില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.ഇതിനിടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് സദസ്സില്‍ നിന്ന് വിളിച്ചു പറഞ്ഞയാളെ കണ്ടെത്തുകയും ചെയ്തു. അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍, ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടില്‍ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു.
പാർട്ടി പ്രവർത്തകനാണ് ദാസ് പി ജോർജ്. ചോദ്യം വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നുവെന്ന് ദാസ് പി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ട് കോന്നിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെൻഷൻ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്. ഉടൻ തന്നെ വീട്ടില്‍ പോയി ചോദിക്കൂ എന്ന് മറുപടി നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ചെറ്റത്തരം പരാമർശവും വീട്ടില്‍ പോയി പറയലും ഉന്നയിക്കും. പി ആർ ഏശുന്നില്ലെന്നാണ് ആരോപണം. പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ചെറ്റത്തരം’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

















