കൊച്ചിയില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.ജില്ലയിലെ 14 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷിയാസ്, നേതാവ് ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അറിയിച്ചു.
വിവിധ വശങ്ങള്‍ പരിശോധിച്ചശേഷമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളില്‍ ഉയർന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്‍ദോസ് കുന്നപ്പള്ളി ഉയർത്തിയ വിഷയങ്ങളും പരിഹരിക്കാനാകുമെന്നും ഷിയാസ് പറഞ്ഞു. വൈപ്പിൻ സീറ്റിനെ ചൊല്ലിയുള്ള വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യ പ്രതികരണം ശരിയല്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ദീപ്തി മേരി വർഗീസിനെ വെട്ടിയാണ് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്ന് കെ സി വേണുഗോപാല്‍ നിലപാടെടുത്തെങ്കിലും മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശന്‍റെ വാദമാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. ‘സർവ്വം ദീപ്തം’ എന്ന പേരില്‍ ദീപ്തി പോസ്റ്ററുകള്‍ അടിച്ചത് പോലും വെറുതെയായി. സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മേയർ സ്ഥാനം ലഭിക്കാത്തതിനാല്‍ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരിക്കുകയാണ്.

















