മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി – പെണ്‍വാണിഭ സംഘത്തിന്റെ രണ്ട് പ്രധാന കണ്ണികളാണ് മരട് പോലീസിന്റെ പിടിയിലായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്ന യുവതിയുടെ പരാതിയിലാണ് സിന്ധുവിനെയും അലീനയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിന്ധുവിനെ മുംബൈയില്‍ നിന്നും അലീനയെ കൊച്ചിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുപത്തിയഞ്ചുകാരിയായ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മോഡലിങ് അവസരങ്ങളും വലിയ പ്രതിഫലവും വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
അവിടെ എത്തിയതിന് പിന്നാലെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം നഗ്‌നദൃശ്യങ്ങള്‍ പകർത്തുകയും പിന്നീട് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി പോലീസ് പറയുന്നു. നിരവധി ആളുകള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയെ ബലമായി എത്തിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി നാട്ടിലെത്തി പരാതി നല്‍കിയതോടെയാണ് റാക്കറ്റിന്റെ പ്രവർത്തനം പുറത്തറിഞ്ഞത്. സമാന രീതിയില്‍ വഞ്ചിക്കപ്പെട്ട മൂന്ന് യുവതികളുടെ പരാതികളാണ് ഇതിനോടകം പൊലീസിന് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ കുടുക്കില്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്. ഭീഷണിയും മാനഹാനി ഭയവും കാരണം പലരും പരാതി നല്‍കാൻ മടിക്കുകയാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മുൻപ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവർ, കഴിഞ്ഞ വർഷം വൈറ്റിലയിലെ ബാർ സംഘർഷക്കേസിലും ഉള്‍പ്പെട്ടിരുന്നു.
കൊച്ചിയിലും വിദേശത്തുമായി വ്യാപകമായ ശൃംഖലയാണ് ഈ മനുഷ്യക്കടത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മോഡലിങ് ഏജൻസികളുടെ മറവില്‍ നടക്കുന്ന ലഹരി-പെണ്‍വാണിഭ ബന്ധങ്ങളെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചതായും മരട് പൊലീസ് അറിയിച്ചു.

















