പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ വീണ്ടും എണ്ണവില കൂടി. ആഗോളതലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 114 ഡോളറായി ഉയർന്നു.കഴിഞ്ഞയാഴ്ച്ച 119.5 ഡോളറിലെത്തിയ എണ്ണവില പിന്നീട് 100 ഡോളറിന് താഴെയായിരുന്നു. പിന്നാലെയാണ് വീണ്ടും കുതിച്ചുയർന്ന് 114ലേക്ക് എത്തിയത്.
ഇറാനും ഖത്തറും അതിര് പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടമായ സൗത്ത് പാർസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണവും, തിരിച്ചടിയായി ഖത്തറിലെ റാസ് ലഫാൻ വാതക പ്ലാന്റിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, പ്രകൃതി വാതക കേന്ദ്രങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണവുമാണ് എണ്ണവിലയിലെ കുതിപ്പിന് കാരണം. എണ്ണയോടൊപ്പം പ്രകൃതി വാതക വിലയും കുതിച്ചുയർന്നു. ബ്രിട്ടനിലും യൂറോപ്പിലും പ്രകൃതി വാതക വില കുതിച്ചുയർന്നു. യൂറോപ്പില്‍ 25 ശതമാനവും ബ്രിട്ടനില്‍ 20 ശതമാനവുമാണ് വില ഉയർന്നത്.
എണ്ണവില ക്രമാതീതമായി ഉയർന്നാല്‍ അത് നിത്യജീവിതത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോള്‍ എണ്ണ വില 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് 150 ഡോളറിനും, 200 ഡോളറിനും മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എണ്ണക്കടത്തില്‍ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് പൂർണമായും അടഞ്ഞാല്‍ ഇതിനുള്ള സാധ്യത വിദൂരമല്ല.
എണ്ണ വില കുതിച്ചുയരുന്നത് ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇതിനോടകം അടിയന്തര ശേഖരത്തില്‍നിന്ന് 40 കോടി ബാരല്‍ എണ്ണ പുറത്തെടുക്കാൻ യൂറോപ്യൻ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
















