കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത് പാലക്കാട് കോങ്ങാട് സ്വദേശിയായ 26കാരൻ. യുവതികള്‍ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ ദേഹത്ത് സ്പർശിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദ്ദനം. മലപ്പുറം സ്വദേശികളായ ദമ്പതികളും സുഹൃത്തുക്കളുമടങ്ങിയ നാലംഗ സംഘമാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.
സംഘം കത്തിവീശി അപായപ്പെടുത്താൻ തുനിഞ്ഞതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്തും മുതുകിലും മർദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വിശ്രമത്തിലാണ്. യുവാവിന്റെ പരാതിയില്‍ യുവദമ്പതികളെയും മട്ടാഞ്ചേരി സ്വദേശിയായ 26കാരനെയും കാസർകോട് സ്വദേശിയായ 28കാരനെയും പ്രതിചേർത്ത് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ യുവദമ്പതികളിലെ ഭർത്താവാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യൂബർ ഡ്രൈവറായ പരാതിക്കാരനും പ്രതികളുമെല്ലാം സുഹൃത്തുക്കളായിരുന്നു. ദമ്പതികളടക്കം കൊച്ചിയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.ഏതാനും ദിവസം മുമ്പ് ദമ്പതികളുടെ പത്തടിപ്പാലത്തെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയിരുന്നു. അന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് കൊല്ലം സ്വദേശിനിയായ യുവതിയുടെയും ഒത്തുചേരലിനെത്തിയെ മറ്റൊരു യുവാവിന്റെയും ഫോട്ടോ ചേർത്തുവച്ച് മലപ്പുറം സ്വദേശിനി ആക്ഷേപിക്കുന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമില്‍ റീല്‍ ഇട്ടു. ഇത് കൊല്ലം സ്വദേശിനി ചോദ്യം ചെയ്യുകയും തർക്കം സംഘർഷത്തിന്റെ വക്കിലെത്തുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിനിടെ സുഹൃത്തായ 26കാരൻ ഇരുവരെയും പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ അനാവശ്യമായി ദേഹത്ത് സ്പർശിച്ചെന്ന് മലപ്പുറം സ്വദേശിനി പരാതിയായി ഉയർത്തി. ഈ പ്രശ്നം പറഞ്ഞുതീർക്കാനാണ് യുവാവിനെ പുലർച്ചെ വിളിച്ചുവരുത്തിയത്.പാലത്തില്‍ യുവാവ് എത്തുമ്പോള്‍ യുവതിയും ഭർത്താവും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ യുവതി രണ്ട് സുഹൃത്തുക്കളെ കൂടി മെസേജ് അയച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തി.
ഇവരാണ് യുവാവിനെ മർദ്ദിക്കാൻ തുടക്കമിട്ടത്. മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം സ്റ്റീല്‍ മുത്തുകളുള്ള ബെല്‍റ്റ് കൊണ്ട് മുതുകിലും ദേഹത്തുമെല്ലാം അടിക്കുകയും തൊഴിക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പിടിത്തമിട്ടു. പിന്നാലെ സ്കൂട്ടറില്‍ ഒളിപ്പിച്ച ഇരുമ്പുവടികൊണ്ട് മർദ്ദിച്ചു. ഇതിനിടെയാണ് മടക്കു കത്തി വീശിയത്. പ്രാണ രക്ഷാർത്ഥം യുവാവ് സംഘത്തെ വെട്ടിച്ച് ഓടി മറയുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസമാണ് യുവാവ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

















