സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍, ചില പ്രമുഖർ ഇത്തവണ പട്ടികയില്‍നിന്നും പുറത്തായി.അക്കൂട്ടത്തില്‍ എം.മുകേഷും ഉണ്ട്. ഇത്തവണ കൊല്ലത്ത് സിറ്റിങ് സീറ്റില്‍ സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനൻ ആണ് മത്സരിക്കുന്നത്.
2011 ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷ് ജയിച്ചത്. ഇത്തവണ മുകേഷിനെ മത്സരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകള്‍.നിലവിലെ എംഎല്‍എമാരായ എം.എം.മണിക്കും എ.എൻ. ഷംസീറിനും ഇത്തവണ സീറ്റില്ല. ഉടുമ്പൻഞ്ചോലയില്‍ എം.എം.മണിക്കു പകരം കെ.കെ.ജയചന്ദ്രൻ മത്സരിക്കും.
സ്പീക്കർ എ.എൻ.ഷംസീറിനു പകരം തലശേരിയില്‍ കാരായി രാജനാണ് മത്സരിക്കുക. കോണ്‍ഗ്രസില്‍നിന്ന് സിപിഎമ്മിലെത്തിയ പി.സരിനും ഇത്തവണ സീറ്റില്ല. സരിനെ പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎം പരിഗണിക്കുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സരിൻ പരാജയപ്പെട്ടിരുന്നു.
ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം യു.ഷറഫലി ഇത്തവണ കന്നിയങ്കത്തിനായി ഇറങ്ങുന്നുണ്ട്. നിലമ്പൂർ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം. ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച താരമാണ് ഷറഫലി. 1985 മുതല്‍ 1995 വരെ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചു. 1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോള്‍ മത്സരങ്ങളില്‍ നിർണായക സാന്നിധ്യമായി. കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ശ്യാമള ടീച്ചർ, എം.ബി.ഷൈനി ഇത്തവണ കന്നി മത്സരത്തിന് കളത്തിലുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍നിന്നാണ് ശ്യാമള ടീച്ചർ ജനവിധി തേടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് മണ്ഡലം എംഎല്‍എയുമായ എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള ടീച്ചർ. നിലവില്‍ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. അഖിലേന്ത്യ കമ്മിറ്റിയംഗവുമായ ശ്യാമള ടീച്ചർ സിപിഎം ജില്ലാ കമ്മിറ്റിയംഗവുമാണ്. മോറാഴ സെൻട്രല്‍ യു.പി സ്‌കൂളില്‍ അധ്യാപികയാണ്. വൈപ്പിനില്‍നിന്നാണ് അഡ്വ.എം.ബി.ഷൈനി ജനവിധി തേടുന്നത്.
വി.കെ.സനോജ് മട്ടന്നൂരില്‍ കന്നിയങ്കത്തിനാണ് എത്തുന്നത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ്.

















