പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റിനാണ് ചുട്ടമറുപടി കിട്ടിയത്. ‘അച്ഛന്റെ പേര് അറിയാത്തത് കൊണ്ടാണോ നീ നിന്റെ പേരിന്റെ കൂടെ കുഞ്ഞമ്മ എന്ന അമ്മയുടെ പേര് ചേര്‍ത്തത്’ എന്നായിരുന്നു അഷംസ് കരീപ്രയുടെ അധിക്ഷേപകരമായ കമന്റ്. ‘കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര് ‘എന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ മറുപടി.
മറ്റുചില കമന്റുകളും അതിനുള്ള മറുപടിയും ഇങ്ങനെ:
- കുഞ്ഞമ്മ, അകത്തമ്മ, കെട്ടിലമ്മ തുടങ്ങിയ സ്ഥാനപ്പേരുകള്‍ പണ്ട് രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ്.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കൊട്ടാര പരിസരത്ത് ഇത്തരം അമ്മമാരെ പാര്‍പ്പിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ നാറ്റക്കേസ് ആകും. എല്ലാവര്‍ക്കും കുഞ്ഞമ്മയാകാന്‍ പറ്റില്ലല്ലോ.
- ശ്രീനാദേവി: അത് നിങ്ങളുടെ മാതാവിന്റെ ചരിത്രം ആയിരിക്കും.

സി.പി.ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പ്രിജി ശശിധരന്‍, പെട്ടെന്ന് ‘പ്രിജി കണ്ണന്‍’ ആയി മാറിയതാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഇത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ ജനപ്രീതി മുതലെടുക്കാനുള്ള സി.പി.ഐയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
വിവാദത്തിന് പിന്നിലെന്ത്?
അന്തരിച്ച ജനപ്രിയ കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ ഭാര്യയാണ് സ്ഥാനാര്‍ത്ഥി എന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നീക്കമെന്നാണ് പ്രധാന ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഐഡിയില്‍ പേര് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് ശ്രീനാദേവിയുടെ വിമര്‍ശനം. 2020-2025 കാലയളവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, മൂന്നു മാസം മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ മത്സരിച്ചു തോറ്റപ്പോഴും പ്രിജിയുടെ പേരിനൊപ്പം ‘ശശിധരന്‍’ എന്നായിരുന്നു ഉണ്ടായിരുന്നത്. അടൂരിന്റെ ജനനേതാവായ എം.ജി. കണ്ണന്റെ യഥാര്‍ത്ഥ ഭാര്യ സജിത കണ്ണന്‍ ആണെന്നും, അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സിപിഐയുടെ തരംതാണ ശ്രമം വിലപ്പോവില്ലെന്നും ശ്രീനാദേവി ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനാദേവി കുഞ്ഞമ്മ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍:
2022-ല്‍ വിവാഹിതയായ പ്രിജി, മൂന്ന് മാസം മുന്‍പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ചപ്പോള്‍ പോലും ‘പ്രിജി ശശിധരന്‍’ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പേര് മാറ്റിയത് എന്തിന്?
അടൂരിന്റെ പ്രിയപ്പെട്ട ‘കണ്ണന്റെ’ ഭാര്യ സജിത കണ്ണന്‍ ആണെന്നിരിക്കെ, സമാനമായ പേര് സ്വീകരിച്ച് വോട്ടര്‍മാരെ കുഴപ്പിക്കാനാണോ ഇടതുപക്ഷത്തിന്റെ ശ്രമം?
സ്വന്തം വാര്‍ഡില്‍ മൂന്ന് മാസം മുന്‍പ് പരാജയപ്പെട്ട ഒരാളെ കൊല്ലത്ത് നിന്നും അടൂരിലേക്ക് കൊണ്ടുവന്നത് ഭര്‍ത്താവിന്റെ പേര് ‘കണ്ണന്‍’ എന്നത് മാത്രമാണോ യോഗ്യത?
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ മണ്ഡലം ശ്രദ്ധിക്കാതെ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം സമ്മാനിച്ച വ്യക്തിയെ എന്തിന് അടൂരില്‍ പരീക്ഷിക്കുന്നു എന്ന ചോദ്യവും ശ്രീനാദേവി ഉയര്‍ത്തുന്നു.
യഥാര്‍ത്ഥ സജിത കണ്ണന്‍ ആര്? എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണന്‍ ആണെന്നും, അവരുടെ അച്ഛന്റെ പേര് ടി.കെ. ശശിധരന്‍ എന്നാണെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടുന്നു. പേരിലെ ഈ സമാനതകള്‍ വോട്ട് മോഷണത്തിനായി സി.പി.ഐ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട്.

















