അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി വി.എസ്. ശിവകുമാർ. തിരുവനന്തപുരം സീറ്റ് വേണമെന്നും, സീറ്റ് ലഭിച്ചില്ലെങ്കില്‍ പാർട്ടി വിടുമെന്നും ശിവകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സീറ്റില്‍ കെ. മുരളീധരനായിരുന്നു പ്രഥമ പരിഗണന.
പാറശാല, കാട്ടാക്കട മണ്ഡലത്തില്‍ ശിവകുമാറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ വിജയസാധ്യത തിരുവനന്തപുരം ആയതിനാല്‍ ആ സീറ്റ് തന്നെ നല്‍കണം എന്നാണ് ശിവകുമാറിൻ്റെ ആവശ്യം. 2011ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ജയിച്ചാണ് ശിവകുമാർ മന്ത്രിയായത്.ഇന്നലെ രാവിലെയാണ് ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ലഭിച്ചത്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ഉള്ളതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍.
അതേസമയം ശിവകുമാറിൻ്റെ മൂന്ന് സുഹൃത്തുക്കള്‍ക്ക് എതിരെ വിജിലൻസ് കണ്ടെത്തലുകളുണ്ട്. സുഹൃത്തുക്കളായ എൻ.എസ്. ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയാണ് കണ്ടെത്തല്‍. ശിവകുമാർ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് സുഹൃത്തുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തിയത്. ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻ്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വി.എസ്. ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നാണ് കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂവെന്നും കണ്ടെത്തി.

















