നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്.ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരണമോ എന്നുളള ചോദ്യത്തിന് തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടവരാണ് മനോരമയുടെ സര്‍വ്വേയില്‍ കൂടുതലും. 53.7 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണം എന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം 40.3 ശതമാനം പേര്‍ ഈ സര്‍ക്കാര്‍ തന്നെ തുടരണം എന്ന് അഭിപ്രായമുളളവരാണ്. 6.1 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന ചോദ്യത്തിന് മനോരമ-സി വോട്ടര്‍ സര്‍വ്വേയില്‍ പങ്കെടുത്ത 42.7 ശതമാനം പേര്‍ അല്ലാണ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം 34.5 ശതമാനം പേര്‍ അന്വേഷണം ശരിയായ വഴിക്കാണെന്നും 22.8 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും പ്രതികരിച്ചിരിക്കുന്നു.സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിന് പിണറായി വിജയനേക്കാള്‍ വോട്ട് ലഭിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. 24.1 ശതമാനം പേരാണ് വിഡി സതീശനാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാമത് എത്തിയ പിണറായി വിജയന് 22.4 ശതമാനം പേരുടെ വോട്ടാണ് ഉളളത്. മൂന്നാമത് ഉളളതും കോണ്‍ഗ്രസ് നേതാവാണ്. 11. 3 ശതമാനം പേര്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്നു.
കെകെ ശൈലജ, രമേശ് ചെന്നിത്തല അടക്കമുളളവരെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റുളളവര്‍ എന്ന വിഭാഗത്തില്‍ 42.2 ശതമാനം പേരാണ് പിന്തുണ രേഖപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നമായി ഏറ്റവും കൂടുതല്‍ പേര്‍ പറയുന്നത് തൊഴിലില്ലായ്മയാണ്. 27.6 ശതമാനം പേര്‍ തൊഴില്‍ ഇല്ലായ്മ ഒന്നാമത്തെ പ്രശ്‌നമായി കാണുന്നു. തൊട്ട് പിന്നില്‍ അഴിമതിയാണ്.
അഴിമതി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും 25. 4 ശതമാനം പേര്‍ അഴിമതിയുണ്ടെന്നും 23.5 ശതമാനം പേര്‍ വിലക്കയറ്റമാണ് പ്രശ്‌നമെന്നും പറയുന്നു. 5.4 ശതമാനം പേരുടെ അഭിപ്രായത്തില്‍ വര്‍ഗീയതായാണ് സംസ്ഥാനത്തെ പ്രധാനപ്രശ്‌നം. സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമമാണ് പ്രശ്‌നമെന്ന് 5.4 ശതമാനം പേരും വികസന മുരടിപ്പാണ് പ്രശ്‌നമെന്ന് 4.3 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.

















