സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്‌എന്‍ഡിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

‘സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. രാഷ്ട്രീയക്കാരനായതുകൊണ്ടാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. ഹൃദയത്തില്‍ തട്ടി സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്. വോട്ട് നോക്കിയാണ് സജി ചെറിയാന്‍ അത് ചെയ്തത്. എനിക്ക് ആരുടെയും വോട്ട് വേണ്ട. അക്കാര്യത്തില്‍ സജി ചെറിയാന്റെ നിലപാട് കറക്‌ട് ആയിരുന്നു’- വെള്ളാപ്പള്ളി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തന്റെ വിവാദ പ്രസ്താവനയില്‍ സജി ചെറിയാന്‍ ഖേദവും പ്രകടിപ്പിക്കുകയും പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജാതിമത വ്യത്യാസമില്ലാതെയാണ് ജനങ്ങളെ സ്‌നേഹിക്കുന്നത്. മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം തന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി താന്‍ മനസിലാക്കുന്നുവെന്നും താന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തന്നെ തെറ്റിദ്ധരിച്ചുവെന്നും വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക