വീട്ടിലെ കുളിമുറിയില്‍ തെന്നിവീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. അപകട വിവരങ്ങള്‍ തിരക്കി പതിനഞ്ച് മിനിറ്റോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ഇന്നലെയാണ് ശുചിമുറിയില്‍ വഴുതി വീണ് ജി സുധാകരനെ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് ഒന്നില്‍കൂടുതല്‍ ഒടിവുകളുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തി. സുധാകരന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ല.
മുതിർന്ന നേതാവാണെങ്കിലും ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് സുധാകരൻ. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ സുധാകര ഭാഗത്തുനിന്ന് പലവട്ടം പരസ്യ വിമർശനവും ഉണ്ടായി. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്രൂപ്പ് കളിച്ചു തന്നെ ഒതുക്കി എന്ന ആക്ഷേപം പരസ്യമായി ഉന്നയിച്ചിട്ടുള്ള നേതാവാണ് സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ അദ്ദേഹം അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

















