പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ ഉള്‍പ്പെടെയുള്ള തസ്തികകളിലെ നിയമനം സംബന്ധിച്ച ചർച്ചകള്‍ക്കായാണ് നേതാക്കള്‍ യോഗം ചേർന്നതെങ്കിലും, കൂടിക്കാഴ്ച ഇത്രയും നീണ്ടുനിന്നത് എം.പിമാർക്കിടയില്‍ വലിയ ചർച്ചയായി.

ചട്ടപ്രകാരം, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് ഇൻഫർമേഷൻ കമ്മിഷൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ വകുപ്പുകളിലെ പ്രധാന തസ്തികകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിർന്ന മന്ത്രി എന്ന നിലയില്‍ അമിത് ഷാ എന്നിവരാണ് പങ്കെടുത്തത്.ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച 1:07 ന് ആരംഭിച്ചു. ചർച്ച 88 മിനിറ്റോളം നീണ്ടതോടെ, നിയമനങ്ങളെ കൂടാതെ മറ്റ് സുപ്രധാന അജണ്ടകള്‍ എന്തെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ എന്ന് എം.പിമാർക്കിടയില്‍ സംശയങ്ങളുയർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനം മാത്രമല്ല, എട്ട് ഇൻഫർമേഷൻ കമ്മിഷണർമാരെയും ഒരു വിജിലൻസ് കമ്മിഷണറെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നീണ്ടതെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെച്ച എല്ലാ നിയമനങ്ങളെയും രാഹുല്‍ ഗാന്ധി എതിർക്കുകയും തൻ്റെ എതിർപ്പ് രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. കമ്മിറ്റിക്ക് മുമ്ബാകെ എത്തിയ ചുരുക്കപ്പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി/ഇബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ എതിർപ്പ് പ്രകടിപ്പിച്ചത്.

നിലവില്‍ സെൻട്രല്‍ ഇൻഫർമേഷൻ കമ്മിഷനില്‍ (CIC) ഗുരുതരമായ ഒഴിവുകളുണ്ട്. മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഒഴിവുള്‍പ്പെടെ സി.ഐ.സിയില്‍ 8 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്തംബർ 13-ന് ഹിരാലാല്‍ സാമരിയ വിരമിച്ചതു മുതല്‍ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നിവർ മാത്രമാണ് നിലവില്‍ ഇൻഫർമേഷൻ കമ്മിഷണർമാരായി ചുമതലകള്‍ നിർവഹിക്കുന്നത്. സി.ഐ.സി വെബ്സൈറ്റ് അനുസരിച്ച്‌, 30,838 കേസുകള്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക