ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സി.പി.എം. സ്‌ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന എ. ഷാനവാസ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണു പാര്‍ട്ടി നടപടി നേരിട്ടത്. പുകയിലക്കടത്ത് കേസില്‍ ആരോപണ വിധേയനായതോടെ ആലപ്പുഴ നഗരസഭ കാളാത്ത് വാര്‍ഡിലെ കൗണ്‍സിലര്‍ ആയിരുന്ന ഷാനവാസിനെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒരു കോടി രൂപയോളം വരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ലോറിയില്‍ കടത്തിയ കേസിലാണ് ഷാനവാസ് ഉള്‍പ്പെട്ടത്.ഇതോടെ ഷാനവാസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ലോറി വാടകയ്‌ക്കു നല്‍കിയതാണെന്നും ലഹരിക്കടത്തുമായി തനിക്കു ബന്ധമില്ലെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. ഈവാദം ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കുകയും ചെയ്‌തു.
തുടര്‍ന്ന് അംഗത്വം പുന:സ്‌ഥാപിക്കാന്‍ ഏതാനും മാസംമുമ്ബ് ഷാനവാസ് സംസ്‌ഥാന കമ്മിറ്റിക്ക് അപേക്ഷ നല്‍കി. അംഗത്വം നല്‍കാമെന്ന് ആലപ്പുഴ ഏരിയാ കമ്മിറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഇതുവരെ തിരികെ എടുത്തിട്ടില്ലെന്നാണു വിവരം. പക്ഷേ, തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്‌നത്തിലാണ് ഷാനവാസ് മത്സരിക്കുന്നത്.

















