ഏറ്റവും സാധാരണക്കാരനായ ആളുകൾക്ക് സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയുന്ന ഒരു മേഖലയായിരുന്നു ലോട്ടറി വില്പന. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരിൻറെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സുകളിൽ ഒന്നും ലോട്ടറി തന്നെയാണ്. സംസ്ഥാന ഖജനാവ് നിറയ്ക്കുന്നതിനോടൊപ്പം തന്നെ ആയിരക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗം കൂടിയായിരുന്നു ഒരുകാലത്ത് ലോട്ടറി മേഖല. എന്നാൽ മേഖലയില്ലേക്കുള്ള ചില വമ്പൻ കുത്തകളുടെ കടന്നുവരവ് സാധാരണക്കാരന്റെ അത്താഴം മുടക്കി എന്നു വേണമെങ്കിലും പറയാം.
പരമാവധി ചെറുകിടക്കാരിലൂടെ വിതരണ ശൃംഖല ഒരുക്കേണ്ട ഉദ്യോഗസ്ഥരും സർക്കാരും ഇന്ന് വൻകിട ലോട്ടറി ഏജൻസികളുടെ പിണയാളുകളായി മാറിയതോടെയാണ് ചെറുകിടക്കാർക്ക് ഈ മേഖലയിൽ രക്ഷയില്ലാതായത്. ബിനാമി പേരുകളിൽ വൻകിട ഏജൻസികൾ ഓരോ ദിവസവും ഓരോ ജില്ലയിലും സംഘടിപ്പിക്കുന്നത് ലക്ഷക്കണക്കിന് ടിക്കറ്റ് ടിക്കറ്റുകളാണ്. അതിനാൽ തന്നെ ഇത്തരം വമ്പൻ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുക്കുവാനാണ് ആളുകൾ താൽപര്യപ്പെടുന്നത്. ഇത്തരത്തിൽ സംഭരിക്കുന്ന ടിക്കറ്റുകളിൽ വലിയൊരു വിഭാഗം അന്യസംസ്ഥാനങ്ങളിലേക്കും കരിഞ്ചന്തയിലൂടെ എത്തുന്നു എന്നും ആക്ഷേപമുണ്ട്. കേരളത്തിൽ മാത്രം വിൽക്കേണ്ട ടിക്കറ്റുകൾക്ക് തമിഴ്നാട്ടിൽ അടക്കം വലിയ ഡിമാൻഡ് ഉള്ളതിനാൽ അവിടെ കൂടിയ വിലയ്ക്ക് വിറ്റ് കൂടിയ ലാഭം കൈക്കലാക്കുവാനും വൻകിട ഏജൻസികൾക്ക് സാധിക്കുന്നുണ്ട്.
ലോട്ടറി തൊഴിലാളികളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുന്ന ഈ ഇടപാടുകൾക്ക് കുടപിടിക്കുന്നത് ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. നിരവധി പേരുകളിൽ വാങ്ങിയെടുക്കുന്ന ടിക്കറ്റുകൾ കേന്ദ്രീകൃതമായി വലിയ ഏജൻസികളിലേക്കാണ് എത്തുന്നത്. നഗ്നമായ ക്രമക്കേട് നടന്നിട്ടും സാങ്കേതികമായി ഈ ക്രമക്കേട് മറച്ചുപിടിക്കുന്ന വിധം കണ്ണടച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥരും ഇത്തരം ഏജൻസികളിൽ നിന്ന് പ്രതിഫലം പറ്റുന്നുവെന്ന് ആക്ഷേപവും ഒരു വശത്ത് ശക്തമാണ്. കോട്ടയം ജില്ലയിൽ മാത്രം ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്നത് 6 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകൾ ആണ്. കമ്മീഷൻ ഇനത്തിൽ തന്നെ ദിവസവും ലക്ഷക്കണക്കിന് രൂപ മറിയുന്ന മേഖലയായി ലോട്ടറി മേഖല അതിനാൽ തന്നെ മാറി. എന്നാൽ ഈ ധന സമ്പാദനം മാർഗ്ഗം ചില വമ്പൻമാരുടെ കുത്തകയാക്കി മാറ്റുന്നത് അപകടകരമായ ഒരു സാമൂഹിക പ്രവണതയാണ്. ചെറുകിടക്കാരുടെ ഉപജീവനമാർഗ്ഗം വൻകിടക്കാർ തട്ടിയെടുക്കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് കേരളത്തിലെ ലോട്ടറി മേഖല.









