ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച് കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു അവസരം വന്നപ്പോള്‍ പുറംകാലുകൊണ്ട് എന്നെ തൊഴിച്ചെറിഞ്ഞത് ഒരിക്കലും സഹിക്കുവാനും, മറക്കുവാനും കഴിയുന്നതല്ല.എനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തിൻ്റെ കാരണത്താലാണ് എന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും റെജി ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്ബേ താൻ ചാണ്ടി ഉമ്മൻ എംഎല്‍എയോടും പാർട്ടി നേതൃത്വത്തോടും ഒരു കാര്യം അഭ്യർത്ഥിച്ചിരുന്നു. പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് മണർകാട് ഡിവിഷൻ ജനറല്‍ ആവുകയും പ്രസിഡൻ്റ് സ്ഥാനം ജനറല്‍ ആവുകയും ആണെങ്കില്‍ എനിക്ക് ഒരു സീറ്റ് തരണമെന്നും പ്രസിഡൻ്റ് പദവിയില്‍ ഇരിക്കുവാൻ ഒരവസരം തരണമെന്നും പറഞ്ഞിരുന്നു. അപ്പോള്‍ എംഎല്‍എ പറഞ്ഞു തീർച്ചയായും പരിഗണിക്കുമെന്നും ധൈര്യമായിരുന്നോളൂ എന്നും. ആയതനുസരിച്ച് താൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. അധികാര ഭ്രമം കൊണ്ടാണ് അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടതെന്ന് നിങ്ങള്‍ വിചാരിക്കരുത്.1989 മുതല്‍ വെള്ളൂർ ടെക്നിക്കല്‍ സ്കൂളിലെ കെ.എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ എനിക്ക്, ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടിയാല്‍, ജീവിതത്തില്‍ ആദ്യമായി ഒരു പ്രസിഡന്റ് സ്ഥാനം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അത്.
നിങ്ങള്‍ക്കറിയാമല്ലോ എന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണ് ഏതൊരു പൊതുപ്രവർത്തകനും നേരിടേണ്ടി വരുന്ന ചെറിയ ചെറിയ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒക്കെ സ്വാഭാവികമായും വന്നിട്ടുണ്ടാകാം, പക്ഷേ ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി എന്നാല്‍ കഴിയാവുന്നവിധം പരമാവധി പ്രയത്നിക്കുവാൻ കഴിഞ്ഞ കാലങ്ങളില്‍ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാൻ വീണ്ടും ഒരു അവസരം ചോദിച്ചത്.ഞാൻ പല കാലഘട്ടങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് മെമ്ബർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങള്‍ നെഞ്ചോട് ചേർത്ത് വെച്ച…. ഞാൻ മനസ്സില്‍ ഇപ്പോഴും ദൈവങ്ങള്‍ക്ക് ഒപ്പം ചേർത്ത് പിടിച്ചിരിക്കുന്ന ഉമ്മൻചാണ്ടി സാറാണ് എനിക്ക് ഈ പദവികളെല്ലാം തന്നത് ആ എന്നോട് തന്നെയാണ് എം.എല്‍.എ. ആവശ്യപ്പെടുന്നത് മൂന്ന് തവണയായില്ലേ ഇനി വിശ്രമിക്കൂ എന്ന്. പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന 1995 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മാറി മാറി മത്സരിച്ചവർ നമ്മുടെ പാർട്ടിയിലും നമ്മുടെ പഞ്ചായത്തിലും ഉണ്ടല്ലോ. അങ്ങനെ ഉള്ളവർ ഈ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളും ആണല്ലോ. ( 25 ഉം 30 ഉം വർഷം ഒക്കെ മെമ്ബർ ആയി ഇരുന്നവർ ) അവർക്കൊന്നും ഇല്ലാത്ത ഭ്രഷ്ട്ട് എളിയവനായ എന്നോട് കല്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല.
രാഷ്ട്രീയം ഒരു ജീവനോപാധി അല്ല എന്നുള്ള ഉത്തമവിശ്വാസം എനിക്കുണ്ട് പക്ഷേ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാളെന്ന നിലയില്‍ പൊതുരംഗത്ത് നിലനില്‍ക്കണമെങ്കില്‍ ജനപ്രതിനിധിയാവുക എന്നത് ഒരു അനിവാര്യതയാണല്ലോ ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കില്‍ അത് ആവശ്യവുമാണ്. ആയതിനാലാണ് ഞാൻ വീണ്ടും ഒരു അവസരം ചോദിച്ചത്. എല്ലാവർക്കും അറിയാമല്ലോ 1989-90 കാലഘട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് താൻ കെ.എസ്. യു പ്രവർത്തനം ആരംഭിച്ചത്.അന്ന് മുതല്‍ ഇന്നുവരെ ആ നീല പതാകയെയും മൂവർണ്ണക്കൊടിയെയും നെഞ്ചോട് ചേർത്ത് പിടിച്ചവനാണ് ഞാൻ. പോലീസിൻ്റെ ലാത്തിയെയും ചോര കൊതിയൻമാരുടെ കഠാര മുനയെയും അതിജീവിച്ച്, ക്രൂര മർദ്ദനങ്ങള്‍ക്ക് ഇരയായി ഇന്നും നിലകൊള്ളുന്നവനുമാണ് ഞാൻ. പാമ്ബാടി ടെക്നിക്കല്‍ സ്കൂളിലെയും മണർകാട് സെന്റ് മേരീസ് കോളേജിലെയും മഹാത്മാഗാന്ധി സർവ്വകലാശാല ക്യാമ്ബസിലെയും ഓരോ മണല്‍ത്തരികള്‍ക്കും.കോട്ടയം കളക്ടറേറ്റ് കവാടത്തിന്റെയും ഗാന്ധി സ്ക്വയറിൻ്റെയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ സമരഗേറ്റിനും നിരവധി സമരപ്പന്തലുകള്‍ക്കും ഒക്കെ പറയുവാൻ ഉണ്ടാവും “എൻ്റെ പോരാട്ടങ്ങളുടെ ഒരുപിടി ഓർമ്മകള്‍”.
രാഷ്ട്രീയ എതിരാളികളുടെ വലംകൈ കൊണ്ടുള്ള ഓരോ പ്രഹരവും എന്റെ ഇടത്തെ ചെവിക്കല്ലില്‍ ആഞ്ഞാഞ്ഞ് പതിച്ചപ്പോള്‍ ഞാൻ അറിഞ്ഞിരുന്നില്ല. ക്രമേണ എന്റെ ഇടത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെടുമെന്ന്. ഞാൻ അത് ഇപ്പോള്‍ തിരിച്ചറിയുന്നു.എന്റെ ഇടത് ചെവിയുടെ കേള്‍വി പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒന്ന് പറഞ്ഞാല്‍ ഞാനും ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്. ഇതൊക്കെ അനുഭവിച്ചത് ഞാൻ എന്റെ കുടുംബത്തിലേയ്ക്കു ഒന്നും സമ്ബാദിക്കുവാനല്ല. ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ചണ്ടി ഉമ്മൻ എംഎല്‍എയെ ഉള്ളം കൈയ്യില്‍ കൊണ്ട് നടന്ന, ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട എം.എല്‍.എ. എനിക്കൊരു അവസരം വന്നപ്പോള്‍ പുറംകാലുകൊണ്ട് എന്നെ തൊഴിച്ചെറിഞ്ഞത് ഒരിക്കലും സഹിക്കുവാനും, മറക്കുവാനും കഴിയുന്നതല്ല.എനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്തിൻ്റെ കാരണത്താലാണ് എന്നെ ഒഴിവാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കണം.
യൂത്തിന് വേണ്ടിയാണെന്ന് പറയാനാണെങ്കില്‍ എത്രയോ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രവർത്തകർക്ക് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് 48 വയസ് ആയിട്ടുള്ളൂ. ഞങ്ങളെ പോലുള്ള ആളുകള്‍ ഇനി കാശിക്ക് പോകണം എന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍, ഞങ്ങളൊക്കെ ഇവിടെ തുടരുക തന്നെ ചെയ്യും.ഈ നാടിനുവേണ്ടി ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി സാധാരണക്കാർക്ക് വേണ്ടി ആശ്രയമില്ലാത്തവർക്ക് വേണ്ടി ആലംബഹീനർക്ക് വേണ്ടി അശരണർക്ക് വേണ്ടി ആബാലവൃദ്ധം ജനങ്ങള്‍ക്ക് വേണ്ടി ഈ ശബ്ദം ഇനിയും ഉയർന്നു കൊണ്ടേയിരിക്കും.ചാണ്ടി ഉമ്മനു വേണ്ടി അടിമകളായി പ്രവർത്തിക്കുന്ന വരിയുടയ്ക്കപ്പെട്ട യുവതയ്ക്ക് നല്ല ബുദ്ധി തോന്നുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും റെജി എം ഫിലിപ്പോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ വെട്ടിലാക്കി റെജിയുടെ തുറന്നു പറച്ചിൽ: ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു പ്രവർത്തിക്കുന്ന യുവ നേതാവാണ് റെജി. നിരവധി പേരാണ് റെജിയോട് അനുഭാവം പ്രകടിപ്പിച്ചു രംഗത്തു വരുന്നത്. എം.എല്‍എ ആയ ശേഷം തന്നിഷ്ട പ്രകാരമുള്ള പ്രവർത്തനമാണ് ചാണ്ടി ഉമ്മൻ നടത്തിവരുന്നതെന്നാക്ക് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ പോലും പറയുന്നത്. കൂടിയാലോചനകള്‍ക്കോ യോഗങ്ങള്‍ക്കോ ഒന്നും ചാണ്ടിയെ കിട്ടില്ല. ചാണ്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിലരെ മാത്രമാണ് ചാണ്ടി കേള്‍ക്കുന്നതെന്നും ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇതില്‍ ചാണ്ടി കൊണ്ടു നടക്കുന്ന പലരെയും പുതുപ്പള്ളിക്കാർക്ക് അറിയില്ല. ഇവരില്‍ നിന്നു പോലും സാധാരണ പ്രവർത്തകർക്ക് അവഗണന നേരിടേണ്ടിവന്നു എന്നും മുൻപു പല മുതിർന്ന പ്രാദേശിക മുതിർന്ന നേതാക്കളും വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പാർട്ടിയില്‍ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ശരിയല്ലെന്നാണ് ഭൂരിഭാഗം നേതാക്കളും പറയുന്നത്.

















