ശബരിമല സ്വർണക്കവർച്ചയില്‍ പത്മകുമാറിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ എസ്‌എടിക്ക്. സ്വർണം ചെമ്ബാക്കാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ കൂട്ടുനിന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് കണ്ടെത്തിയത്.എസ്‌എടി പിടിച്ചെടുത്ത ദേവസ്വം ബോർഡ് മിനിട്സിലാണ് തെളിവുകളുള്ളത്ബോർഡംഗമായ ശങ്കർ ദാസ് ഉള്‍പ്പടെയുള്ളവരുടെ സ്വർണ്ണക്കൊളളയിലെ പങ്ക് തെളിക്കുന്നതാണ് പിടിച്ചെടുത്ത രേഖകള്‍. ഉണ്ണികൃഷ്ണൻ പോറ്റി വഴി പത്മകുമാർ നേട്ടങ്ങളുണ്ടാക്കിയെന്നും ഇതോടെ വ്യക്തമായി. ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ വിശദാംശങ്ങളും എസ്‌എടി കണ്ടെത്തി.
ആദ്യഘട്ടത്തില്‍ തന്നെ രേഖകള്‍ ആവശ്യപ്പെട്ട് എസ്‌എടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നല്‍കിയിരുന്നെങ്കിലും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. തുടർന്നാണ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തത്. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. ഇതിന് മുൻപ് ഒരു യോഗം ചേർന്നിരുന്നു. ഈ മിനിട്സിലാണ് പത്മകുമാറും ശങ്കർദാസും അടക്കമുള്ളവർ ഒപ്പിട്ടത്. മാർച്ചിലാണ് സ്വർണ്ണ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നത്.
ഉദ്യോഗസ്ഥരായ മുരാരി ബാബുവിലും സുധീഷ് കുമാറിലും എൻ. വാസുവിലും മാത്രം ഒതുക്കി അന്വേഷണം അധികം മുന്നോട്ട് കൊണ്ടുപോകാൻ ഇനി എസ്‌എടിക്ക് ആകില്ല. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതിനാല്‍ പ്രതികളെ സംരക്ഷിക്കാനും സാധിക്കല്ല.
അന്നത്തെ ദേവസ്വം ബോർഡിന് കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പിടിച്ചെടുത്ത രേഖകള്‍. ദേവസ്വം ബോർഡിന്റെ ഉത്തരവുകളാണ് ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്നത്. അതിനാല്‍ അത്തരത്തില്‍ നോക്കിയാലും ബോർഡ് പ്രതിക്കൂട്ടില്‍ തന്നെയാണ്. പത്മകുമാർ ഇനിയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ടാകും. ശങ്കർദാസിന്റെ അറസ്റ്റും ഉടനുണ്ടാകും.

















