ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരില്‍ നിന്നും ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിട്ടതായി പരാതി.നാട്ടകം ഗവണ്മെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായ ശ്രീമതി. ഷോമാ ജോസഫാണ് സഹ പ്രവർത്തകരുടെ ക്രൂരമായ ചെയ്തികളില്‍ മനം നൊന്ത് പ്രിൻസിപ്പലിന് പരാതി നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച – 06/11/2025 കോളേജില്‍ നടന്ന സംഭവം ഒതുക്കി തീർക്കാൻ ആരോപണവിധേയർ ശ്രമിച്ചെങ്കിലും ടീച്ചറുടെ ഭർത്താവ് സംസ്ഥാന ഭിന്നശേഷി കമ്മീഷനില്‍ പരാതി നല്‍കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവസ്വഭാവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നത്.ഭിന്നശേഷിക്കാരിയായ ഷോമ ടീച്ചർ പാലക്കാട് നിന്ന് ട്രാൻസ്ഫർ വാങ്ങി നാട്ടകം കോളേജില്‍ ജോയിൻ ചെയ്തത് മുതലാണ് സംഭവവികാസങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. നിയമാനുസൃതമുള്ള സ്ഥലംമാറ്റ ഉത്തരവോടെ ടീച്ചർ നാട്ടകത്തേക്ക് വന്നത് ഏറെനാളുകളായി സംഘടനാബലത്തില്‍ സ്ഥലംമാറ്റത്തില്‍നിന്നും ഒഴിവാക്കപ്പെട്ടിരുന്ന അദ്ധ്യാപകന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെയാണ് വ്യക്തിവിരോധത്തില്‍ എത്തിച്ചേർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്തിവിരോധം മൂലം പ്രസ്തുത അദ്ധ്യാപികയെ കോളേജിലെ ശുചിമുറിയില്‍ പൂട്ടിയിടുന്നതില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. അനദ്ധ്യാപകരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഷോമ ടീച്ചറിന് അപായമുണ്ടാകാതിരുന്നത്.അതിനെതിരെ പരാതിയുമായി മുൻപോട്ട് പോയപ്പോള്‍ ആരോപണവിധേയരായ അദ്ധ്യാപകൻ തന്റെ സുഹൃത്തുക്കളെ മുൻനിർത്തി നടത്തിയ അനുരഞ്ജന ചർച്ചകളിലൂടെ അദ്ധ്യാപികയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രിൻസിപ്പാള്‍ ഇൻ ചാർജ്ജായി മുൻപ് കോളേജിലുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ സഹ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികളെ കണ്ടില്ലെന്നു നടിച്ചതും ആരോപണവിധേയരെ കോളേജിനുള്ളില്‍ സംരക്ഷിച്ചുകൊണ്ട് വേണ്ട സഹായങ്ങള്‍ നല്‍കിയതും ടീച്ചർക്കെതിരെയുള്ള ആക്രമണങ്ങള്‍ വർദ്ധിപ്പിച്ചു. നാട്ടകം കോളേജിലെ പൊതുപരിപാടികളില്‍ നിന്നെല്ലാം ഒഴിവാക്കി അകറ്റിനിർത്തപ്പെടുന്ന ഷോമ ടീച്ചർ തുടർച്ചയായ ബോഡി ഷെയിമിങ്ങിനും വിധേയയാണ്. ഒരിക്കല്‍ വിദ്യാർത്ഥികളെ സ്വാധീനിച്ചു ടീച്ചർക്കെതിരെ പരാതിനല്കിയെങ്കിലും പ്രസ്തുത പരാതി വ്യാജമാണെന്നുകണ്ടെത്തിയതിനെത്തുടർന്ന് PTA യോഗത്തില്‍ ടീച്ചറിനോട് മാപ്പുപറയേണ്ടിവന്നതുമാണ് ഇപ്പോഴത്തെ വ്യക്തിവിദ്വേഷത്തിനു കാരണമായിട്ടുള്ളത് .

എന്നാല്‍, നാട്ടകം കോളേജില്‍ നടക്കുന്ന നിയമവിരുദ്ധവും രാഷ്‌ട്രീയതാല്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തുമുള്ള കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപകരുടെ നിയമനം ടീച്ചർ ചോദ്യം ചെയ്തതോടെ ശത്രുത വർധിക്കുകയും ശാരീരിക മാനസിക പീഡനങ്ങള്‍ കൂടുകയും ചെയ്തു.

06/11/2025, രാവിലെ അദ്ധ്യാപിക, കോളേജില്‍ എത്തി കുട്ടികളെ കംപ്യൂട്ടെഷണല്‍ ലാബ് ചെയ്യിക്കാൻ ലാബില്‍ എത്തിയപ്പോള്‍, അനേകം കമ്ബ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും, ഉള്ള ലാബ് തുറന്നു കിടക്കുന്നത് കാണുകയും, അക്കാര്യം ഡിപ്പാർട്ട്മെൻ്റില്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് ടീച്ചർ നടത്തിയ പരിശോധനയില്‍ ലാബില്‍ ഇരുന്ന യു പി എസും അതിന്റെ ബാറ്ററിയും നീക്കം ചെയ്തതായി മനസ്സിലാക്കി., ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സഹ അദ്ധ്യാപകൻ ആയ മനുകുമാർ എൻ. പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്തു. തന്റെ കുട്ടികളുടെ ലാബ് മുടങ്ങും എന്നത് കൊണ്ട് ഷോമ ജോസഫ്, ഈ കാര്യം ഡിപ്പാർട്ട്മെൻ്റ് കൗണ്‍സില്‍ കൂടി അറിയിക്കുകയുണ്ടായി. എന്നാല്‍ തന്റെ പരാതിക്ക് തീരുമാനം എന്തെന്ന് ചോദിച്ചതിന് മറുപടിയായി മനു കുമാർ എൻ വ്യക്തിപരവും ശാരീരികവുമായ അവഹേളനങ്ങള്‍ നടത്തുകയും ‘അധികം നാള്‍ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ലന്നുള്ള’ ഭീഷണി മുഴക്കുകയുമാണ് ഉണ്ടായത്.

പ്രസ്തുത സംഭവത്തെത്തുടർന്ന് ബോധരഹിതയായ ഷോമ ടീച്ചർ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയുണ്ടായി. സഹപ്രവർത്തകരില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ അവഹേളനങ്ങള്‍, ബോഡി ഷെയിമിങ്, വ്യാജ പരാതികള്‍ നല്‍കുക തുടങ്ങിയവ മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഷോമ ടീച്ചറിനെ ഇതിനകംതന്നെ മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്.ഏതുനിമിഷവും ശാരീരികമായിപ്പോലും ആക്രമിക്കപ്പെടാമെന്ന ഭയം മൂലം ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകവൃത്തിപോലും ഒഴിവാക്കിയാലോ എന്ന ചിന്തയിലേക്ക് ഇതിനകം തന്നെ ടീച്ചറിനെ എത്തിച്ചിട്ടുണ്ട്.യുജിസി, ദേശീയ വനിതാ ശിശു ക്ഷേമ മന്ത്രാലയം, ദേശീയ ഭിന്ന ശേഷി വകുപ്പിലും പരാതി നല്‍കാൻ ഉള്ള നീക്കത്തില്‍ ആണ് ടീച്ചർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക