തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ തുറന്നടിച്ചു.ഇത്തരം നേതാക്കള്‍ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും യാഥാർത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടിയിരിക്കുകയാണ് എന്നും അവർ പറഞ്ഞു.
ഈ നേതാക്കൾ തന്നെ വീണ്ടും അതേ സ്ഥാനത്ത് തന്നെ തുടരും. കാരണം അവർ സ്വയം ഒഴിച്ചുകൂടാനാവാത്തവരായി കരുതുന്നു. ഇനിയും പ്രവർത്തകർ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും മുതാംസ് പട്ടേല്‍ ചോദിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടോ ഒഴിവുകഴിവ് പറഞ്ഞിട്ടോ കാര്യമില്ല. ആത്മപരിശോധന നടത്താനും യാഥാർത്ഥ്യം അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മുംതാസ് പട്ടേല്‍ പറഞ്ഞു.
ഹരിയാനയിലും മഹാരാഷ്‌ട്രയിലുമുണ്ടായ കനത്ത തോല്‍വിക്ക് ശേഷമാണ് ബിഹാറിലും പാർട്ടി ഒറ്റ അക്കത്തില്‍ ഒതുങ്ങിയത്. ഇതേ സ്ഥിതി തുടർന്നാല്‍ കോണ്‍ഗ്രസിന് അധികനാള്‍ ഇല്ലെന്ന് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എംപി ശശി തരൂരും നേതൃത്വത്തെ വിമർശിച്ചിരുന്നു. മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള നിരവധി നേതാക്കള്‍ രാഹുലിനെതിരെ എതിരെ രംഗത്ത് വന്നിട്ടുണ്ട്.

















