തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് ജോർജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഷോമി ഫ്രാൻസിസും രാജിവച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ നിമ്മി റപ്പായി നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർകൂടി രാജിവെച്ചത്.
കോണ്‍ഗ്രസിന്റെ മുൻ കൗണ്‍സിലറാണ് രാജി വെച്ച ജോർജ് ചാണ്ടി. കോണ്‍ഗ്രസ് വിട്ട ജോർജ് മിഷൻ ക്വാർട്ടേഴില്‍ സ്വതന്ത്രനായി മല്‍സരിക്കും.കോണ്‍ഗ്രസ് മിഷൻ കോട്ടേഴ്സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ബൈജു വർഗീസ് പാർട്ടി വിരുദ്ധനായി പ്രവർത്തിച്ച ആളാണെന്ന് ജോർജ് ചാണ്ടി പറഞ്ഞു. തൃശൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോർജ് ചാണ്ടി. കോണ്‍ഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷൻ ക്വാർട്ടേഴ്സ്.
അതേ സമയം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഷോമി ഫ്രാൻസിസ് കുരിയച്ചിറ ഡിവിഷനില്‍ സ്വതന്ത്രനായി മല്‍സരിക്കും. മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍റെ വിശ്വസ്തൻ സജീവൻ കുരിയച്ചിറയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്.15 വർഷമായി ഡിവിഷനില്‍ ഇല്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും, തന്നെ ചതിച്ചു വെട്ടിനിരത്തി എന്നും ഷോമി ഫ്രാൻസിസ് പറഞ്ഞു. കുരിയച്ചിറയില്‍ മൂന്നു മുന്നണിയ്ക്കും എതിരെ മല്‍സരിക്കുമെന്ന് ഷോമി പറഞ്ഞു.
കോർപ്പറേഷനിലേക്ക് മല്‍സരിക്കാൻ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലർ നിമ്മി റപ്പായി രാജി വെച്ചത്. എൻസിപിയില്‍ ചേരുമെന്നും, ഒല്ലൂർ ഡിവിഷനില്‍ എൻസിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി.

















