രാജസ്ഥാനില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചതിന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പാളിനെയാണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്.11-ാം ക്ലാസ് വിദ്യാര്‍ഥിനി അന്നേ ദിവസം സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിരുന്നു.ഇത് കണ്ട പ്രിൻസിപ്പാള്‍ ഷക്കീല്‍ അഹമ്മദ് ഫോണ്‍ പിടിച്ചെടുക്കുകയും അണ്‍ലോക്ക് ചെയ്ത് വാട്സാപ്പ് , ഇൻസ്റ്റഗ്രാം,കോള്‍ റെക്കോഡുകള്‍, ഫോണ്‍ ഗ്യാലറി എന്നിവ പരിശോധിക്കുകയായിരുന്നു.
ക്ലാസില്‍ തന്‍റെ അടുത്തിരിക്കുന്ന ആണകുട്ടിയെക്കുറിച്ച് ഷക്കീല്‍ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തതായും ആരോപണമുണ്ട്.പെണ്‍കുട്ടി ഇത് വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിൻസിപ്പാളിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയ കുടുംബം, ഫോണില്‍ എന്തെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രിൻസിപ്പാള്‍ തങ്ങളെ ദുരുപയോഗം ചെയ്യുമായിരുന്നെന്ന് ആരോപിച്ചു.
പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ പ്രിൻസിപ്പാള്‍ കുറ്റം സമ്മതിക്കുകയും സ്കൂളില്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാർത്ഥിനി റീലുകളൊന്നും റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് താൻ ഫോണ്‍ പരിശോധിച്ചതെന്ന് അവകാശപ്പെട്ടു.വിദ്യാർഥിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പാളിനെതിരായ ആരോപണം അന്വേഷണത്തില്‍ തെളിഞ്ഞതായി വ്യക്തമാക്കി

















