പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായിരുന്ന മഞ്ജലിക ഒടുവില്‍ മരണത്തിനു കീഴടങ്ങി. ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു മഞ്ജലിക.പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടില്‍ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക, പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
രണ്ടു മാസം മുൻപ് വെറുമൊരു ജലദോഷമായി തുടങ്ങിയ അസുഖം പെട്ടെന്ന് കടുത്ത ന്യുമോണിയയായി മാറുകയും ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തളർത്തുകയുമായിരുന്നു. ശാരീരികമായ അവശതകള്‍ക്കിടയിലും മനസു തോല്‍ക്കാൻ സമ്മതിക്കാതിരുന്ന മഞ്ജലിക, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞിരുന്ന സമയത്ത്, തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മനോഹരമായ ചിത്രങ്ങള്‍ വരച്ചു നല്‍കി ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന ആ നിമിഷങ്ങളില്‍ എട്ടു കഥകളും രണ്ടു കവിതകളുമാണ് ആ കൊച്ചു കൈകള്‍ എഴുതിത്തീർത്തത്.
സഹപാഠികള്‍ പത്താം ക്ലാസ് പരീക്ഷാചൂടിലേക്ക് കടക്കുമ്ബോള്‍, പാട്ടും നൃത്തവും എഴുത്തുമായി എന്നും മുന്നിലുണ്ടായിരുന്ന മഞ്ജലികയുടെ തിരിച്ചുവരവിനായി ഒരു നാട് മുഴുവൻ പ്രാർഥനയിലായിരുന്നു.
ചികിത്സയ്ക്കായി ആവശ്യമായ വൻതുക സ്വരൂപിക്കാൻ സോഷ്യല്‍ മീഡിയയിലൂടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളിലൂടെയും വലിയൊരു ജനവിഭാഗം തന്നെ രംഗത്തെത്തിയിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മഞ്ജലികയുടെ മരണം സംഭവിച്ചത്.
ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യംവരച്ചു തീർക്കാത്ത ചിത്രങ്ങളും എഴുതിത്തീർക്കാത്ത കവിതകളും ബാക്കിവച്ച് മഞ്ജലിക മടങ്ങുമ്ബോള്‍, പ്രിയപ്പെട്ട മകളുടെ വേർപാടില്‍ വിതുമ്ബുന്ന രാജേഷും മഞ്ജുവും ഒരു നാടിന്റെ ഒന്നടങ്കം നോവായി.

















