ഒരു മാസം കൂടിക്കഴിഞ്ഞാല്‍ അടുത്ത അധ്യയന വർഷം തുടങ്ങും. അതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള തിരക്കിലാണ് അച്ഛനമ്മമാർ. എന്നാല്‍, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസും പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെ വിലയും താങ്ങാവുന്നതിനും അപ്പുറമാണെന്ന പരാതിയും ഉയരുന്നു. സ്വകാര്യ സ്കൂള്‍ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നുമില്ല.
അതിനിടെയാണ് സ്കൂളില്‍ നിന്നും അമിത വില കൊടുത്ത് നോട്ട് ബുക്കുകള്‍ വാങ്ങാൻ കഴിയില്ലെന്ന് അറിയിച്ച ഒരു അമ്മയെ അധിക്ഷേപിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ വീഡിയോ വൈറലായത്. ഉത്തർപ്രദേശിലെ ഹാർഡോയിയിലെ ഒരു യുപി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂള്‍ പ്രിൻസിപ്പാളും ഒരു രക്ഷിതാവും തമ്മിലുള്ള തർക്കത്തിന്‍റെ വീഡിയോയായിരുന്നു അത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സ്കൂളില്‍ നിന്നും വാങ്ങണമെന്ന് സണ്‍ബീം സ്കൂള്‍ പ്രിൻസിപ്പല്‍ മംത മിശ്ര അവശ്യപ്പെട്ടു. എന്നാല്‍ സ്കൂളിലെ സാധാനങ്ങള്‍ക്ക് വലിയ വിലയാണെന്നും അതേ സാധനങ്ങള്‍ വില കുറച്ച് പുറത്ത് കിട്ടുമെന്നും അതിനാല്‍ പുറത്ത് നിന്നും വാങ്ങാമെന്നും അറിയിച്ച നീലം വർമ്മയെന്ന രക്ഷിതാവിനെ അധിക്ഷേപിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പാളിനെ വീഡിയോയില്‍ കാണാം.
മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ മുന്നില്‍ വച്ചാണ് മംത മിശ്ര അധിക്ഷേപിച്ച് സംസാരിച്ചത്. അവർ നിരന്തരം ‘ഷട്ട് അപ്പ്’ എന്ന് അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. സ്‌കൂളില്‍ നിന്ന് മാത്രം 1,200 രൂപയുടെ നോട്ട്ബുക്കുകള്‍ വാങ്ങാൻ ആവശ്യപ്പെട്ടതായി രക്ഷിതാവ് പറയുന്നു. എന്നാല്‍, സ്കൂളില്‍ നിന്നും നോട്ട് ബുക്ക് വാങ്ങിയില്ലെങ്കില്‍ സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന് കുട്ടിയുടെ പേര് വെട്ടുമെന്ന് മംത മിശ്ര ഭീഷണിപ്പെടുത്തി. “വിഡ്ഡി പുറത്ത് പോകൂവെന്ന്” ഇടയ്ക്ക് അവർ ആക്രോഷിക്കുന്നതും കേള്‍ക്കാം.

















