ശബരിമല സ്വർണ്ണ കേസില്‍ കസ്റ്റഡിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച്‌ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

എസ്‌ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3.40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷ്ടിച്ച സ്വർണം പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശി കല്‍പേഷിനാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.ശബരിമല ശില്‍പ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരികയെന്ന വലിയ ഉത്തരവാദിത്തമാണ് പ്രത്യേക അന്വേഷണ സംഘത്തിന്. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻും നടത്തിയ ഇടപാടുകളില്‍ ദേവസ്വം ബോ‍ർഡിലെ ആരൊക്കെ പങ്കാളികളായി എന്നാണ് ഇനി അറിയേണ്ടത്. 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ൻ പോറ്റിയ്ക്ക് തിരിച്ച്‌ നല്‍കിയെന്ന് സ്മാർട്ട് ക്രിയേഷൻ നല്‍കിയ മൊഴി എങ്കിലും 11 ഗ്രാം സ്വർണം കൂടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യില്‍ അധികമായി ഉണ്ടെന്നാണ് രേഖകള്‍.

ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്ബായത് ഉള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തില്‍ വരും ദിവസങ്ങള്‍ നിർണായകമാകും. ഇന്ന് തന്നെ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക