തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഭരണമാറ്റത്തിന് പിന്നാലെ അണ്ണാ ഡിഎംകെയില്‍ (AIADMK) വന്‍ പൊട്ടിത്തെറി.നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ്ക്കും തമിഴക വെട്രി കഴകം (TVK) സര്‍ക്കാരിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 25 വിമത എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് (EPS) മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്.

എസ്.പി. വേലുമണി, സി.വി. ഷണ്‍മുഖം തുടങ്ങിയ പ്രമുഖ നേതാക്കളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നത് അണ്ണാ ഡിഎംകെയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാണ്. പാര്‍ട്ടിയുടെ പരമ്പരാഗതമായ ഡിഎംകെ വിരുദ്ധ നിലപാട് എടപ്പാടി പളനിസ്വാമി ദുര്‍ബലപ്പെടുത്തുന്നുവെന്നും, വിജയ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് അകറ്റുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമായത്. ബുധനാഴ്ച നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച്‌ ഇവര്‍ ടിവികെയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

117 വോട്ടുകള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന സഭയില്‍, അപ്രതീക്ഷിതമായ പിന്തുണയോടെ 144 വോട്ടുകള്‍ നേടിയാണ് വിജയ് സര്‍ക്കാര്‍ കരുത്ത് തെളിയിച്ചത്. ടിവികെയുടെ സ്വന്തം 107 എംഎല്‍എമാര്‍ക്ക് പുറമെ അണ്ണാ ഡിഎംകെയിലെ 25 വിമതരും സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തി. സഖ്യകക്ഷികളായ കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2) എന്നിവരും എഎംഎംകെയുടെ (1) പ്രതിനിധിയും പ്രമേയത്തെ പിന്തുണച്ചു.

അതേസമയം, എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള 22 എംഎല്‍എമാര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. പ്രധാന പ്രതിപക്ഷമായ ഡിഎംകെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, പിഎംകെ (4), ബിജെപി (1) എന്നീ പാര്‍ട്ടികള്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. ഒരു ടിവികെ എംഎല്‍എയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ ഭരണകക്ഷി കുതിരക്കച്ചവടത്തിലൂടെയാണ് എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയതെന്ന ആരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി വിജയ് ഇത് കര്‍ശനമായി നിഷേധിച്ചു. ജനവികാരം മാനിച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് സര്‍ക്കാര്‍ പക്ഷത്തിന്റെ വിശദീകരണം.

അതിനിടെ, കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയ്ക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി വിജയ് രംഗത്തെത്തി. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും തമിഴ്നാടിന്റെ അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കേന്ദ്രവിരുദ്ധ നിലപാടും സാമൂഹിക വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി ജനപിന്തുണ ഉറപ്പിക്കാനാണ് പുതിയ മുഖ്യമന്ത്രിയുടെ നീക്കം. അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് വരും ദിവസങ്ങളില്‍ തമിഴ് രാഷ്ട്രീയത്തില്‍ പുതിയ സഖ്യസമവാക്യങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക