മാരകമായ നൈട്രൊസെപാം ഗുളികകളുമായി നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) വീണ്ടും പിടിയില്‍. 34.30 ഗ്രാം വരുന്ന 64 ഗുളികകളാണ് ഇയാളില്‍ നിന്നും ഡാൻസാഫ് സംഘം പിടിച്ചെടുത്തത്.കൊച്ചി നഗരത്തിലെ ലഹരി വിതരണക്കാരിലൊരാളായ നീഗ്രോ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വർഷവും ഇയാളെ നൈട്രൊസെപാം ഗുളികകളുമായി പിടികൂടിയിരുന്നു. കടവന്ത്ര ഉദയ കോളനിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്.

അമിത ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്ക് ആശ്വാസം നല്‍കുന്നതാണ് നൈട്രൊസെപാം ഗുളികകള്‍. ഇത് 20 ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ നവംബറില്‍ സുരേഷില്‍ നിന്ന് 22.405 ഗ്രാം നൈട്രൊസെപാം ഗുളികകള്‍ കണ്ടെടുത്തിരുന്നു. വെറും 5 രൂപയ്ക്ക് ലഭിക്കുന്ന ഈ ഗുളിക 250-300 രൂപ വരെ വിലയ്ക്കാണ് ഇയാള്‍ വില്‍ക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കോളജ് വിദ്യാർത്ഥികളും ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവതീയുവാക്കളുമാണ് സുരേഷില്‍നിന്ന് ഇവ കൂടുതലും വാങ്ങുന്നതെന്നും പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭിക്കാത്ത ഈ ഗുളിക മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കടത്തിക്കൊണ്ടു വരുന്നതാണെന്ന് പൊലീസ് പറയുന്നു. കോയമ്ബത്തൂരില്‍നിന്ന് തുടയില്‍ കെട്ടിവച്ചാണ് ഇവ കടത്തിയിരുന്നത് എന്ന് കഴിഞ്ഞ തവണ അറസ്റ്റിലായപ്പോള്‍ സുരേഷ് വെളിപ്പെടുത്തിയിരുന്നു. സുരേഷിനെതിരെ വിവിധ സ്റ്റേഷനുകളില്‍ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളുണ്ട്. 100ലേറെ ലഹരിമരുന്ന് ഇൻജക്ഷൻ ഐപി ആംപ്യൂളുകളുമായും ഇയാള്‍ മുൻപ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും സുരേഷിനെ തടവിലാക്കിയിരുന്നു.

നേരത്തേ വ്യാജ കുറിപ്പടികള്‍ നല്‍കി നൈട്രൊസെപാം അടക്കം ഈ വിഭാഗത്തില്‍പ്പെടുന്ന ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങുന്നത് വ്യാപകമായിരുന്നു. പരിശോധനകള്‍ കടുപ്പിച്ചതോടെയാണ് ഇത് ഇല്ലാതായത്. ഷെഡ്യൂള്‍ഡ് എച്ച്‌1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മരുന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമല്ല. മരുന്ന് കുറിക്കുന്ന ഡോക്ടറുടെ കൈവശവും വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകളിലും വാങ്ങുന്നയാളിന്റെ പക്കലും ഉണ്ടായിരിക്കേണ്ട ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷൻ വഴി മാത്രമേ ഇവ നിയമപരമായി ലഭ്യമാകൂ. ഡോക്ടറുടെ നിർദേശമില്ലാതെ കഴിച്ചാല്‍ രക്തസമ്മർദം കൂടാനും ഹൃദയാഘാതം വരെ സംഭവിക്കാനുമൊക്കെ സാധ്യതയുള്ള മരുന്നാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക