മകളുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നതായിരുന്നു പ്രചാരണം. അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉള്‍പ്പെടുത്തി പിതാവ് ഡിജിപിക്ക് പരാതി നല്‍കി.
ആഗസ്റ്റ് 24 നാണ് മകള്‍ മരിച്ചത്. ഹോസ്പിറ്റലില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മയ്യത്ത് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് തന്നെ കുട്ടി ഗർഭിണിയായിരുന്നു എന്ന പ്രചരണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.
മകളുടെ ഖബറടക്കത്തിന് മുമ്ബ് തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചരണം തുടങ്ങിയിരുന്നു. മകള്‍ മരിച്ച ദുഃഖത്തിനിടെയാണ് ഇത്തരം തെറ്റായ കാര്യങ്ങള്‍ കൂടി കേള്‍ക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് കണ്ടത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കബീർ ആവശ്യപ്പെട്ടു.

















