രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകള്‍. എംഎല്‍എ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടില്‍ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവില്‍ മുൻതൂക്കം. വിഷയത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിച്ചെന്ന പ്രശ്നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തില്‍ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. രാഹുലിനെ ഹൈക്കമാൻഡും കൈവിട്ടതോടെ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
രാഹുലിനെതിരെ പാർട്ടി തലത്തില്‍ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്പെൻഷനില്‍ എത്തി നില്‍ക്കുന്നത്. പാർലമെന്ററി പാർട്ടിയില്‍ നിന്നു മാറ്റി നിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിർത്താൻ തീരുമാനിച്ചാല്‍ 15നു ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് രാഹുല്‍ അവധിയില്‍ പോയേക്കും.
രാഹുലിന്റെ രാജിക്കായി കോണ്‍ഗ്രസിലെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. എത്രയും വേഗം രാജി വച്ചാല്‍ പാർട്ടിക്ക് അത്രയും നല്ലത് എന്ന നിലപാടാണ് മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. വിഴുപ്പ് ചുമക്കേണ്ട ബാധ്യതയൊന്നും പാർട്ടിക്കില്ലെന്ന കടുത്ത നിലപാടുമായി ജോസഫ് വാഴയ്ക്കനും രംഗത്തെത്തിയിരുന്നു.

















