വാഴൂരിലെ വീടുകളില്‍ അതിക്രമിച്ചു കയറി സ്വർണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ മുതലുകള്‍ അപഹരിച്ച കേസില്‍ ദമ്ബതികളെ ദിവസങ്ങള്‍ക്കകം മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരെയാണ് പെരുമ്ബാവൂരില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. നിലവില്‍ ഇരുവരും ഇടുക്കി അടിമാലിയിലാണ് താമസിക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കിടയില്‍ വാഴൂർ വില്ലേജില്‍ നടന്ന രണ്ട് മോഷണക്കേസുകളിലാണ് പ്രതികള്‍ അറസ്റ്റിലായത്. ജൂലൈ 29-ന് പുലർച്ചെ 1:30-നും 3:50-നും ഇടയില്‍ വാഴൂർ ഈസ്റ്റ്, ചെങ്കല്ലേല്‍ പള്ളിക്ക് സമീപമുള്ള മഞ്ചികപ്പള്ളി വീട്ടില്‍ അതിക്രമിച്ചു കയറി, മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്ന മൂന്നര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും മോഷ്ടിച്ചു. 28-ന് രാത്രി 11:00-നും പുലർച്ചെ 3:45-നും ഇടയില്‍ ചെങ്കല്ലേപ്പള്ളിക്ക് സമീപമുള്ള മണിയൻചിറ കുന്നേല്‍ വീട്ടിലെ അടുക്കളവാതില്‍ ബലമായി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ വീട്ടുടമയുടെ ഭാര്യയുടെ കാലുകളിലുണ്ടായിരുന്ന രണ്ടേകാല്‍ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ്ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എടിഎം. കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ മുതലുകളും കവർന്നു.ഈ കേസുകള്‍ രജിസ്റ്റർ ചെയ്ത ശേഷം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെല്‍വരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമല്‍, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇന്നലെ പ്രതികളെ എറണാകുളം പെരുമ്ബാവൂർ ഭാഗത്ത് നിന്ന് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക