നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നല്‍കും. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെല്‍ഫെയർ പാർട്ടിയുടെ നേതൃയോഗത്തില്‍ തീരുമാനം. അൻവർ ഉയർത്തിയ വിഷയങ്ങള്‍ ചർച്ചയാകണമെന്നും വെല്‍ഫെയർ പാർട്ടി നേതൃയോഗത്തില്‍ ആവശ്യം ഉയർന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാനാണ് നേതൃയോഗത്തിന്റെ തീരുമാനം.
വെല്‍ഫെയർ പാർട്ടി- യുഡിഎഫ് നേതാക്കള്‍ നടത്തിയ ചർച്ചയിലാണ് ധാരണയായത്. യുഡിഎഫിനുള്ള പിന്തുണ വെല്‍ഫെയർ പാർട്ടി ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.യുഡിഎഫില്‍ അസോഷ്യേറ്റ് കക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം വെല്‍ഫെയർ പാർട്ടി യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയർ പാർട്ടിയുമായി സഹകരിക്കുന്നതില്‍ മുസ്ലിം ലീഗിന് പഴയ എതിർപ്പില്ലാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യമെന്നുമായിരുന്നു റിപ്പോർട്ട്.
നേരത്തെ യുഡിഎഫിൻ്റെ വെല്‍ഫെയർ പാർട്ടി സഹകരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി ആർഎസ്‌എസിനെപ്പോലെ മതരാഷ്ട്രവാദികളാണ് എന്ന ശക്തമായ വിമർശനം സിപിഐഎം ഉന്നയിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫുമായി കൈകോർക്കാനുള്ള വെല്‍ഫെയർ നീക്കം എന്നതാണ് ശ്രദ്ധേയം.

















