പ്രിയങ്കഗാന്ധി പ്രചാരണം നയിച്ചപ്പോള്‍ തേക്കിൻനാട്ടില്‍ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം പെരുമഴയായി പെയ്തിറങ്ങി. മൂത്തേടത്തെയും നിലമ്ബൂരിലെയും റോഡ് ഷോകളില്‍ ജനസാഗരം നിറഞ്ഞു. പെരുമഴയിലും ആവേശം ചോരാതെ മണിക്കൂറുകളോളം അവർ റോഡരികില്‍ കാത്തിരുന്നു.

മൂത്തേടത്ത് ഉച്ചക്ക് ശേഷം മൂന്നോടെ പ്രിയങ്കയെത്തുമെന്നായിരുന്നു അറിയിപ്പ്. രണ്ടരയോടെ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളളവർ സ്വീകരണ കേന്ദ്രത്തിലെത്തിത്തുടങ്ങിയിരുന്നു. ബലൂണുകളും കൊടിതോരണങ്ങളുമായി അവർ കാത്തുനിന്നു. കനത്ത മഴയില്‍ അഞ്ചരയോടെയാണ് പ്രിയങ്ക എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂലയിലെ ഗഫൂറലിയുടെ വീട് സന്ദർശിച്ച ശേഷമാണ് പ്രിയങ്ക മൂത്തേടത്ത് എത്തിയത്. കാറില്‍നിന്നിറങ്ങിയ പ്രിയങ്കയെ ആവേശം തിരത്തല്ലിയ നിമിഷത്തില്‍ യു.ഡി.എഫ് പ്രവർത്തകർ പൊതിഞ്ഞു. ആളുകളെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷ ഉദ‍്യോഗസ്ഥരും പണിപ്പെട്ടു. വാദ‍്യമേളങ്ങളും ഡി.ജെയുമായാണ് സ്വീകരണ സ്ഥലങ്ങളില്‍ പ്രിയങ്കയെ എതിരേറ്റത്.

കാരപ്പുറം ജുമാമസ്ജിദിന് സമീപം കാറില്‍നിന്ന് ഇറങ്ങിയ പ്രിയങ്ക തുറന്ന വാഹനത്തില്‍ കയറി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല അധ‍്യക്ഷൻ അബ്ബാസലി ശിഹാബ് തങ്ങള്‍, ഷാഫി പറമ്ബില്‍ എം.പി, യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് എന്നിവരും പ്രിയങ്കയുടെ കൂടെയുണ്ടായിരുന്നു.

മൂന്നൂറ് മീറ്റർ ദൂരം റോഡ് ഷോ കടന്നുവന്നപ്പോള്‍ വഴിയിലുടനീളം നിരവധി പേരാണ് കൈവീശി അഭിവാദ്യം ചെയ്തത്. ജനാവലിയും റോഡ് ഷോയില്‍ അണിനിരന്നു. മൂത്തേടത്തെ സ്വീകരണശേഷം വൈകീട്ട് ആറോടെ അടുത്ത സ്വീകരണ സ്ഥലമായ നിലമ്ബൂരിലേക്ക്. 6.30 ഓടെയാണ് നിലമ്ബൂരില്‍ കാളികാവ് റോഡ് ജങ്ഷനിലെത്തിയത്. ഇവിടെയും ആയിരങ്ങളാണ് എതിരേറ്റത്. വാദ‍്യഘോഷങ്ങള്‍ തരംഗമായി. രാജോചിത സ്വീകരണം. ചന്തക്കുന്ന് ജങ്ഷൻ വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി. സ്തീകളുള്‍പ്പടെ ആയിരങ്ങള്‍ അണിചേർന്നു. വർണ ബലൂണുകളും കൊടിതോരണങ്ങളും വാദ‍്യമേളങ്ങളും മിഴിവേകി.

തേക്കിൻ നാടിന് പ്രിയങ്കയോടുള്ള സ്നേഹം എത്രത്തോളമെന്ന അടയാളപ്പെടുത്തല്‍ കൂടിയിയായി റോഡ് ഷോകള്‍. അവസാന ലാപ്പിലെ സൂപ്പർ സണ്‍ഡേയില്‍ മാസ് എൻട്രിയായായിരുന്നു പ്രിയങ്കയുടെ വരവ്. യു.ഡി.എഫ് പ്രവർത്തകരില്‍ ഇത് ആവേശം പടർത്തി. സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഏഴോടെയായിരുന്നു പ്രിയങ്കയുടെ മടക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക