നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാല്‍ വോട്ട് എങ്ങോട്ട് പോയെന്നതാണ് ഉറ്റുനോക്കുന്നത്.

ആദ്യ റൗണ്ടില്‍ മാത്രം പിവി അൻവർ ആയിരം വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം യുഡിഎഫാകട്ടെ, ആയിരം വോട്ട് ഭൂരിപക്ഷം ആദ്യ റൗണ്ടില്‍ നേടുമെന്ന് പറയുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ റൗണ്ടില്‍ തങ്ങള്‍ പിന്നിലായിരിക്കുമെന്ന് തന്നെയാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ റൗണ്ടില്‍ മാത്രം അൻവർ പ്രതീക്ഷിക്കുന്നത് 1000 വോട്ടാണ്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുന്ന ആദ്യ നാല് റൗണ്ടില്‍ 5000 മുതല്‍ 7000 വോട്ട് വരെ നേടാനാകുമെന്നാണ് പിവി അൻവറിൻ്റെ പ്രതീക്ഷ. ഈ ബൂത്തുകളില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായാല്‍ പിവി അൻവർ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു എന്നാണ് അർത്ഥം. മറിച്ചാണെങ്കില്‍ എല്‍ഡിഎഫ്-യുഡിഎഫ് പോരെന്നതിലേക്ക് ഫലസൂചന മാറിമറിയും.

അതേസമയം വഴിക്കടവില്‍ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുള്ളതിനാല്‍, ആദ്യ മൂന്ന് റൗണ്ടില്‍ മാത്രം മൂവായിരം വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ പ്രവചനം. മണ്ഡലത്തില്‍ പതിനായിരം വോട്ട് ഭൂരിപക്ഷം കോണ്‍ഗ്രസ് ക്യാംപ് ഉറപ്പിക്കുന്നുണ്ട്. 20000 വോട്ട് ഭൂരിപക്ഷം നേടുമെന്നാണ് ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ് പറഞ്ഞത്. എന്നാല്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വഴിക്കടവ് പഞ്ചായത്തില്‍ 1500 വോട്ട് ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ക്യാംപ് കണക്കാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക