നിലമ്ബൂരില്‍ വാഹനപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയും പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ സ്വദേശി എഎം ഹമീദ് കുട്ടി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പോലീസിനെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിലമ്ബൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും ഷാഫി പറമ്ബില്‍ എംപിയുടെയും വാഹനങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്ബില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി പുറത്തേയ്ക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നു.

പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്ബില്‍ പറഞ്ഞിരുന്നു. യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച്‌ പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്ബില്‍ പറഞ്ഞിരുന്നു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ‘നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരാം’ എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

അതേസമയം നിലമ്ബൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം തടഞ്ഞ് പോലീസ് പരിശോധിച്ചതില്‍ പ്രതികരിച്ച്‌ മന്ത്രി വി.ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. ഈ പരിശോധന രാഷ്ട്രീയ ആയുധമാക്കേണ്ടതില്ലന്നാണ് മന്ത്രി പറഞ്ഞത്. ഒരു സ്ഥാനമുണ്ടെങ്കില്‍ എന്തുമാകാം എന്ന തോന്നലാണ് ഷാഫി പറമ്ബിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനും. രണ്ടുപേരും ഒരേപോലെയാണ്. പുതിയ തന്ത്രമായി ഇതിനെ കാണാം. തോല്‍വി ഭയന്ന് വിഷയങ്ങള്‍ വഴിതിരിച്ച്‌ വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു.

അഹങ്കാരത്തോടും ധിക്കാരത്തോട് കൂടെ പൊലീസിനോട് പെരുമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം പരിശോധന നടത്താറുണ്ട്. രാധാകൃഷ്ണൻ എംപിയെയും പരിശോധിച്ചിരുന്നു. പൊലീസിനോട് സഹകരിക്കാൻ തയ്യാറാവണം. പരിശോധിച്ചാല്‍ എന്തു കുഴപ്പം? വെല്ലുവിളിക്കാൻ ഇവരാര് എന്നും മന്ത്രി ചോദിച്ചു. ഇത്തരം പ്രതികരണം അംഗീകരിക്കാനാകില്ലെന്നും മന്ത്രി ആരോപിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക