വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യ പുരുഷൻമാർക്ക് ഹസ്തദാനം നല്‍കാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകള്‍ ഇസ്ലാമിലുണ്ടെന്നും ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.
മത സ്റ്റേജുകളില്‍ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകളുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ നബി പറഞ്ഞത് പോലെ ആളുകളെ പിടിച്ചു ഭൂമി വിഴുങ്ങുമെന്നും യുവനേതാവ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് എസ്.വൈ. എസ് നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശങ്ങള്‍.
മുസ്ലീം സ്ത്രീകള്‍ പാട്ടുപാടുന്ന കാലമുണ്ടായാല്‍ ആളുകളെ ഭൂമി പിടിച്ച വിഴുങ്ങുമെന്നും മനുഷ്യരെ കുരങ്ങുകളായും, പന്നികളായും രൂപം മാറ്റുമെന്നും, ആകാശത്തു നിന്നു കല്ലേറുകള്‍ വരുമെന്നും നബി പറഞ്ഞിട്ടുണ്ടെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.
വിവാഹങ്ങള്‍ക്ക് ഗാനമേള, കല്യാണ സദസ്സുകളിലേക്കു ചെന്നാല്‍ സ്വീകരിക്കാൻ കൈ കൂപ്പി നില്‍ക്കുന്ന വനിതാ രത്നങ്ങള്‍, പാവപ്പെട്ടവന്റെ വൃക്ക മാറ്റി വെക്കാൻ ഫണ്ടിനു വേണ്ടി ഇശല്‍ നൈറ്റ്, റിസപ്ഷനിസ്റ്റ് ആവാൻ സുന്ദരികളായ കൗമാരക്കാരികള്‍, സ്കൂള്‍ തലംതൊട്ടു തന്നെ പാട്ടു പാടാൻ അറിയുന്ന നമ്മുടെ പെണ്‍കുട്ടികളെ പരിശീലിപ്പിച്ചു നാം അവർക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നു.
യൂട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞാടുന്നത് നമ്മുടെ പെണ്‍ മക്കള്‍. മത സ്റ്റേജുകളില്‍ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകള്‍.അന്യ പുരുഷൻമാർക്ക് ഹസ്തദാനം ചെയ്യാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത നമ്മുടെ സ്ത്രീകള്‍!!!!
50 വർഷം മുമ്പ് പർദ്ദ ഇല്ലെങ്കില്‍ നടന്നു പോവുമ്പോള്‍ ഒരു കുട കയ്യില്‍ കരുതുകയും അന്യ പുരുഷൻമാർ ശ്രദ്ധയില്‍ പെട്ടാല്‍ കുട കൊണ്ട് മുഖം മറക്കുകയും ഇസ്ലാമിലെ ഹിജാബ് നിയമം സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു തലമുറയാണ് ഈ വലിയ മാറ്റത്തിന് വിധേയമായത്’. എന്നിങ്ങനെ പോകുന്ന യുവ നേതാവിന്റെ സ്ത്രീവിരുദ്ധത. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം എന്നും എസ്.വൈ. എസ് നേതാവ് പറയുന്നു.













