നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്ബൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച് ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്.16 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും ഒരു പ്രശ്‌നവുമില്ല. പാര്‍ട്ടിയോടുള്ള സ്‌നേഹത്തില്‍ സംശയം വേണ്ട. പാര്‍ട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊക്കെ പാര്‍ട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂര്‍ പറഞ്ഞു.
ബിജെപിയിലേക്കെന്ന അഭ്യൂഹവും തരൂര്‍ തള്ളി. താന്‍ എവിടേക്കും പോകുന്നില്ലെന്നും ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ചത് നയതന്ത്ര ദൗത്യത്തെ പറ്റി മാത്രമെന്ന് തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്’..തരൂര്‍ പറഞ്ഞു.
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. തരൂരിന്റെ അസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ശ്രദ്ധേയമായിരുന്നു.

















