അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് വി വി പ്രകാശിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. വി വി പ്രകാശിനോടും കുടുംബത്തിനോടും കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടുന്ന അവഹേളനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് എന്ന് ഇടത് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തോ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളോ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിരുന്നില്ല എന്നും ഇവർ ആരോപിക്കുന്നു.
പോളിങ് ദിവസം പ്രകാശിന്റെ കുടുംബം വീട്ടില്‍ ഇല്ല എന്ന വിവരമാണ് രാവിലെ മുതല്‍ പുറത്തുവന്നത്. കുടുംബം ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്കു പോയിരിക്കുകയാണെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ദിനത്തില്‍ മകള്‍ നന്ദന വിവി പ്രകാശിന്റെ ചിത്രവും വികാരാര്‍ദ്രമായ കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. മിസ് യു അച്ഛാ.. എന്നാണ് മകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് വോട്ടെണ്ണലിനു മുമ്ബ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
തിരഞ്ഞെടുപ്പില്‍ കൂടെയുള്ളവര്‍ കാലുവാരിയെന്ന വേദനയോടെയാണ് അദ്ദേഹം വിടപറഞ്ഞതെന്ന വികാരമാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ കൈ തട്ടിമാറ്റുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇത്തവണ പ്രചാരണത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ വീട്ടില്‍ പോയില്ലെന്നത് വാര്‍ത്തയായിരുന്നു.

















