അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ കബളിപ്പിച്ചത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു.
പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി നല്‍കിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളില്‍ കേസുണ്ട്. മാസങ്ങള്‍ക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
മുൻപ് മറ്റൊരു സഭയില്‍ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയില്‍ നിന്നും അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ഫോണ്‍ നമ്ബരില്‍ നിന്നും പരാതിക്കാർ സന്തോഷ് പി.ചാക്കോയെ ഫോണില്‍ ബന്ധപ്പെട്ടു. ഇത് അനുസരിച്ച് ഇയാള്‍ കുറിച്ചി ഭാഗത്ത് എത്തി. ഈ സമയം സന്തോഷിനെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനില്‍കുമാറിന്റെയും, എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

















