പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര, ഒഡീഷ സ്വദേശിനി പ്രിയങ്കാ സേനാപതി, പഞ്ചാബ് സ്വദശി ജസ്ബീർ സിങ് തുടങ്ങിയ സെലിബ്രിറ്റി വ്ലോഗർമാരുമുണ്ട്. ട്രാവൽ വ്ളോഗിങ്ങിന്റെ മറവിൽ ചാരവൃത്തി നടന്നതായ സംശയം ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിരിക്കെയാണ് അന്വേഷണത്തിനിടെ ഉയർന്ന് വന്ന ‘മാഡം എൻ’ എന്ന പേരും ചർച്ചയായത്.
പാകിസ്ഥാനിലെ ലാഹോറിൽ ട്രാവൽ ഏജൻസി നടത്തുന്ന, ‘മാഡം എൻ’ എന്ന പേരിലറിയപ്പെടുന്ന നൂഷിബ ഷെഹ്സാദ് ആണ് ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസേഴ്സിനെ ഐ.എസ്.ഐയുമായി അടുപ്പിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം ലാഹോറിൽ പ്രവർത്തിക്കുന്ന ജയാന ട്രാവല്സ്& ടൂറിസം എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാക് പഞ്ചാബ് സ്വദേശിനിയായ നൂഷിബ. ജ്യോതി മൽഹോത്രയും ജസ്ബീർ സിങ്ങും സണ്ണി ഭയ്യാ യാദാവുമെല്ലാം ‘മാഡം എന്നി’ന്റെ വലയത്തിലുള്ളവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാകിസ്ഥാൻ സിവിൾ സർവ്വിസിൽ നിന്ന് വിരമിച്ച ഷെഹ്സാദ് ആണ് നൂഷിബയുടെ ഭര്ത്താവ്. ഇന്ത്യയിലുടനീളം 500 ചാരന്മാരടങ്ങുന്ന വലിയ സ്ലീപ്പർ സെൽ ശൃംഖല സ്ഥാപിക്കാൻ ഇവർ പ്രവർത്തിച്ചിരുന്നുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഇതിനകം അറസ്റ്റിലായവരുൾപ്പെടെ നിരവധി സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിനെ നൂഷിബ പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 3,000 പൗരന്മാരെയും 1,500 നോൺ റസിഡന്റ് ഇന്ത്യക്കാരെയും (എൻ.ആർ.ഐ) പാകിസ്ഥാന് സന്ദർശിക്കാൻ ഇവർ സഹായിച്ചതായും രഹസ്യാന്വേഷണ വൃത്തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിൽ നേരിട്ട് സ്വാധീനം ചെലുത്താനും നൂഷിബക്ക് ശേഷിയുണ്ട്. ഏത് നടപടിയും ‘ഒറ്റ ഫോണ് കോളിൽ മാഡം എൻ ശരിയാക്കും’ എന്നാണ് അവരെക്കുറിച്ചുള്ള വിശേഷണം. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മിഷനിലെ മുൻ ഉദ്യോഗസ്ഥൻ ഡാനിഷ് ആയിരുന്നു ഇവരുടെ ഏറ്റവും അടുത്ത വ്യക്തി. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ടൂറിസ്റ്റുകളെ അയക്കുന്നതിനുള്ള സംവിധാനമോ ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് വിസ നല്കുന്നതിനുള്ള പ്രക്രിയയോ ഇല്ലെങ്കിലും നൂഷിബയുടെ ശുപാര്ശയിലും സ്പോണ്സർഷിപ്പിലും നിരവധി ഇൻഫ്ലുവൻസർമാക്കും പാക് ഹൈക്കമ്മിഷൻ വിസിറ്റ് വിസകൾ നല്കിയത്.
‘പാകിസ്ഥാനില് വേരുകളുള്ള ഇന്ത്യക്കാർക്ക് നൂഷിബ ഒരു പാലമായി മാറിയതെങ്ങനെ’ എന്ന തലക്കെട്ടിൽ ഇവരെക്കുറിച്ച് രണ്ടുവർഷം മുമ്ബ് ടൈംസ് ഓഫ് ഇന്ത്യയു ഉൾപ്പെടെയുള്ള മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പാകിസ്ഥാനിലേക്കുള്ള സിഖ്, ഹിന്ദു തീർഥാടനം സംഘടിപ്പിക്കുന്ന ഒരേയൊരു ഏജൻസി നൂഷിബയുടെതാണ് എന്നതിൽ നിന്ന് തന്നെ, പാക് സൈന്യവുമായും ഐ.എസ്.ഐയുമായുമുള്ള അവരുടെ ബന്ധം വ്യക്തമാണ്.





