സഹ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ ഇരയാക്കിയത് ഒന്നുമറിയാത്ത വിദ്യാർത്ഥിനിയെ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ രാജാ രവിവർമ സെൻട്രല്‍ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സ്കൂള്‍ മാനെജ്മെന്‍റ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്.
അധ്യാപിക നടത്തിയ അപവാദ പ്രചാരണങ്ങളില്‍ മനംനൊന്ത വിദ്യാർഥിനി പഠനം ഉപേക്ഷിക്കുന്നതായി അറിയിച്ചതോടെയാണ് രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സഹ അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അധ്യാപിക പെണ്‍കുട്ടിയെ ഇരയാക്കിയതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം.
അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. ഇത് ശ്രദ്ധയില്‍പെട്ടതോടെ കുട്ടി ക്ലാസില്‍ പോകാതായി. ഇതോടെയാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്.മുഖ്യമന്ത്രി, പട്ടികജാതി-വർഗ കമീഷൻ, സ്കൂള്‍ അധികൃതർ എന്നിവർക്ക് കുടുംബം പരാതി നല്‍കി. വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം പുറത്തുവന്ന ഉടനെ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പടെ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. ഇതോടെ അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സസ്പെൻഷൻ.
തന്നെ പരിചയം പോലും ഇല്ലാത്ത അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി വിശദമാക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലാക്കഥകള്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്നും നാണക്കേടായതോടെ മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്നും പെണ്‍കുട്ടി വിശദമാക്കിയിരുന്നു.

















