ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ജാതീയധിക്ഷേപം. മകൻ ആരോമലിന്‍റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നില്‍ ചെരിപ്പിട്ടെന്ന പേരിലാണ് അധിക്ഷേപം.എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ പത്തരച്ചാലും കറി താളല്ലേയെന്നുമുള്ള തരത്തില്‍ വംശീയവും ജാതീയവുമായ കമന്‍റുകളാണ് ഏറെയും.

വിവാഹച്ചടങ്ങിനിടെ ഒരു ഓണ്‍ലൈൻ ചാനല്‍ പകർത്തിയ വിഡിയോക്ക് താഴെയാണ് വ്യാപകമായ അധിക്ഷേപം. നിലവിളക്കിനടുത്ത് വെച്ചിട്ടുള്ള പഴമെടുക്കാൻ ഒരു കുട്ടിയെ സഹായിക്കുകയാണ് വിജയനെന്ന് വിഡിയോയില്‍ കാണാം. ഇതിന് താഴെയാണ് സന്ദർഭസാഹചര്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള അധിക്ഷേപം. ‘ഇവനൊക്കെ എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം പതിയെ പുറത്തുചാടും, തേങ്ങ പത്തരച്ചാലും താളല്ലേ കറി, അറിവ് കൂടിപ്പോയതിന്‍റെ അഹങ്കാരമാണിവന്’ എന്നൊക്കെയാണ് കമന്‍റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഐ.എം വിജയനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പഴമെടുക്കാൻ കുട്ടിയെ സഹായിക്കുന്നതെങ്ങനെയാണ് അപമര്യാദയാകുന്നതെന്നും ഇതില്‍ അധിക്ഷേപിക്കുന്നവർക്ക് കാര്യമായിട്ടെന്തോ കുഴപ്പങ്ങളുണ്ടെന്നും ഒരാള്‍ കുറിച്ചു. വിഡിയോയുടെ ഒരുവശം മാത്രം കണ്ടുകൊണ്ട് അന്ധമായി വിമർശിക്കാൻ പാടില്ലെന്നും നിറത്തെയും ജാതിയെയും മുഖവിലക്കെടുത്തുകൊണ്ടുള്ള അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മറ്റൊരാള്‍ കുറിച്ചു. സമാനമായ രീതിയില്‍ മറ്റനേകം പേരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് മകൻ ആരോമല്‍ വിവാഹിതനായത്. റോമി വിക്ടോറിയയാണ് വധു. ചടങ്ങില്‍ സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക