അമേരിക്കയില്‍ യുവ ശാസ്ത്രജ്ഞയെ കാമുകൻ വെടിവെച്ച്‌ കൊലപ്പെടുത്തി. പെൻസില്‍വേനിയയിലെ കോണ്‍ഷോഹോക്കനി‌ലാണ് സംഭവം.യുവ ശാസ്ത്രജ്ഞയായ അലീസ വീസ്റ്റ് (25) ആണ് കൊല്ലപ്പെട്ടത്.

യുവതിയുടെ കാമുകനായിരുന്ന മൈക്കിള്‍ ഡുറ്റ്കിവിക്സ് എന്ന ഇരുപത്താറുകാരനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതാണ് കാമുകനെ പ്രകോപിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈക്രോബയോളജിസ്റ്റാണ് അലീസ. ഞായറാഴ്ച രാത്രി 12.30നാണ് മൂർഹെഡ് അവന്യൂവില്‍ വെടിയേറ്റ നിലയില്‍ അലീസയെ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മൈക്കിളുമായി പിരിഞ്ഞതിന് ശേഷം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് ഒന്നിലധികം തവണ വെടിയേറ്റതായിട്ടാണ് റിപ്പോർട്ട്.

ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതിന് പിന്നാലെ അലീസ മൈക്കിളിന്റെ വസ്ത്രങ്ങളെല്ലാം എടുത്ത് ഒരു സ്യൂട്ട്കേസിലാക്കി അയാളോട് വീട്ടില്‍ നിന്ന് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മൈക്കിള്‍ ആക്രമണം നടത്തിയത്. സംഭവശേഷം മൈക്കിള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടെന്നും, ചുറ്റും നോക്കിയ ശേഷം ഫോർഡ് പിക്കപ്പ് ട്രക്കില്‍ കയറി വേഗത്തില്‍ പോയെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കി.

ലൈസൻസ് പ്ലേറ്റ് റീഡറുകള്‍ ഉപയോഗിച്ച്‌ നടത്തിയ അന്വേഷണത്തില്‍ അലീസ വെടിയേറ്റ് മരിച്ചതിന് തൊട്ടുപിന്നാലെ മൈക്കിള്‍ അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വീടിനുള്ളില്‍ നിന്ന് അലീസയുടെ പേരിലുള്ള റുഗർ .38 കാലിബർ ഹാൻഡ്‌ഗണ്‍ ഉപയോഗിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം മൈക്കിള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് മൈക്കിള്‍ വെസ്റ്റ് കോണ്‍ഷോഹോക്കൻ സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങിയത്. പ്രതി മൈക്കിളിനെ അറസ്റ്റ് ചെയ്തതായി മോണ്ട്ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക