മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.
തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അല്‍പസമയം മുൻപ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
അതിനാൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ നാളെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെയും, കേരളാ പൊലീസ് ചട്ടങ്ങളിലെയും വിവിധ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റകൃത്യം ഉൾപ്പെടുന്നതാണ് ഈ വകുപ്പുകൾ (BNS 79).
പ്രവാസികളെ അടക്കം കോടിക്കണക്കിന് രൂപ കബളിപ്പിച്ച ഷിഹാബ് ഷാ എന്ന തൃശ്ശൂർ സ്വദേശിയുടെ വലംകൈയാണ് പരാതിക്കാരിയായ യുവതി എന്നാണ് മറുനാടനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജനെ അറസ്റ്റ് ചെയ്ത സൈബർ സെൽ സിഐ നിയാസിനെതിരെയും പോർട്ടലിൽ വാർത്തകൾ നൽകിയിട്ടുണ്ട് എന്നും ഇതിന്റെ വിരോധവും അറസ്റ്റില് പിന്നിലുണ്ട് എന്നും അവർ ആരോപിക്കുന്നു. വീട്ടുകാരും ഒന്നിച്ച് അത്താഴം കഴിച്ചുകൊണ്ടിരിക്കെ ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു എന്നും മറുനാടൻ വൃത്തങ്ങൾ ആരോപിക്കുന്നു.

















