കേവലം ആറുമാസത്തേക്ക് പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയ വ്യക്തിയാണ് മൂന്നാം വാർഡ് കൗൺസിലർ തോമസ് പീറ്റർ. പീറ്ററുടെ പണക്കൊഴുപ്പ് തന്നെയാണ് ഇത്തരം നാണംകെട്ട ഒരു അധികാര വീതംവെപ്പിന് കേരള കോൺഗ്രസ് എമ്മിനെ പ്രേരിപ്പിച്ചത് എന്നും ആക്ഷേപം ഉയർന്നിരുന്നു.
പദവിയിൽ എത്തിയ ശേഷം ഒട്ടും സമയം വൈകിക്കാതെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചെയർമാൻ തോമസ് പീറ്റർ. എന്നാൽ ഇതൊന്നും ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് തനിക്കൊപ്പം നിൽക്കുന്ന ചില സ്വാർഥ താൽപര്യക്കാരായ നഗരസഭ അംഗങ്ങൾക്ക് വേണ്ടിയാണ് എന്ന് മാത്രം. ദിവസങ്ങൾക്കു മുമ്പ് കൂടിയ കൗൺസിലിന്റെ യോഗത്തിൽ ഒരു ഐറ്റം അഡീഷണൽ അജണ്ടയായി വന്നിരുന്നു. നഗരസഭ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ ഉൾപ്പെടെ നാല് വീട്ടുകാരുടെ ഒരു അപേക്ഷയാണ് ഇത്.
തങ്ങൾ താമസിക്കുന്ന പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ലാളം തോടുമായി അതിര് പങ്കിടുന്ന തങ്ങളുടെ പുരയിടത്തിന് സൗജന്യമായി ജലവിഭവ വകുപ്പു വഴി സൗജന്യമായി അതിര് കെട്ടി കിട്ടുന്നതിന് മുൻസിപ്പാലിറ്റിയുടെ സമ്മതപത്രം തേടിയാണ് ഇവർ അപേക്ഷ സമർപ്പിച്ചത്. ജലവിഭവ വകുപ്പ് അഗസ്റ്റിൻ എന്ന കേരള കോൺഗ്രസ്ഴ മന്ത്രി ഭരിക്കുന്ന വകുപ്പാണ്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് ഭരിക്കുന്ന. മുനിസിപ്പാലിറ്റി ഒരു സമ്മതപത്രം നൽകിയാൽ ലക്ഷങ്ങളുടെ പണി സൗജന്യമായി മന്ത്രി അനുവദിക്കുമെന്നും ഏകദേശം ഉറപ്പിക്കാം.
എന്നാൽ ഈ പ്രദേശത്തേക്കാൾ ഏറെ വെള്ളപ്പൊക്ക ഭീഷണിയുള്ള നിരവധി പ്രദേശങ്ങൾ പാലായിൽ ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർക്കാരിനു മുന്നിലുണ്ട്. ഇതൊന്നും പരിഗണിക്കാതെ സിപിഎം നേതാവായ വനിതാ കൗൺസിലറുടെ അപേക്ഷാ പരിഗണിച്ച് സർക്കാരിന് ശുപാർശനം നൽകുന്നതിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്. പ്രധാനമായും പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന സീനിയർ കൗൺസിലർ ഷാജു തുരുത്തനെ ലക്ഷ്യമിട്ടുള ഒരു നീക്കം ആണിത്.
അടുത്തവട്ടം ഷാജു തുരുത്തനോ, ഭാര്യ ബെറ്റി ഷാജു മത്സരിക്കാൻ ഇരിക്കുന്ന സീറ്റിൽ നിലവിലെ സിപിഎം കൗൺസിലറെയോ അവരുടെ ഭർത്താവിനെയോ രംഗത്തിറക്കാൻ ആണ് കേരള കോൺഗ്രസ് ആലോചന. ഇതിനുവേണ്ടി കൈകാശ് മുടക്കാതെ ചില സൗജന്യ സഹായങ്ങൾ ഇവർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ധൃതഗതിയിലുള്ള ഈ അതിര് കെട്ട് എന്ന് വേണം അനുമാനിക്കാൻ.
മുനിസിപ്പാലിറ്റിയിലെ ജനങ്ങൾ എന്തായാലും ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യമേ ഉള്ളൂ. കേരള കോൺഗ്രസ് നേതൃത്വം നൽകുന്ന പാലാ നഗരസഭയിലെ ഇടതുമുന്നണി ഒരു പരസ്പര സഹായ മുന്നണിയാണ്. തങ്ങൾക്കിടയിൽ കിട്ടുന്ന പരമാവധി ആനുകൂല്യങ്ങളൾ വീതിച്ചെടുക്കുന്നതിനപ്പുറം അവർക്ക് ജനസേവനത്തിലോ ജനക്ഷേമത്തിലോ താല്പര്യമില്ല. സിപിഎമ്മിന് സിപിഐയിലും നിന്ന് ജയിച്ചുവരുന്ന കൗൺസിലർമാർ പോലും കേരള കോൺഗ്രസ് എമ്മിന്റെ ആശ്രിതത്വത്തിലാണ് കഴിയുന്നത്. സൗജന്യമായി കിട്ടുന്നതെല്ലാം വാങ്ങിവെച്ച് അവർ പറയുന്നത് ചെയ്യുവാനുള്ള അധികാരവും ചുമതലയും മാത്രമേ ജനപ്രതിനിധികൾ എന്ന നിലയിൽ ഇവർക്കുള്ളൂ.
നഗരസഭയുടെ കീഴിലുള്ള ആശുപത്രിയുടെ വസ്തു കയ്യേറി എന്ന ആരോപണം നേരിടുന്ന നിലവിലെ നഗരസഭ ചെയർമാൻ തോമസ് പീറ്റർ തുടങ്ങിയിട്ടേയുള്ളൂ എന്ന് കൂടി ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അധികാരത്തിൽ ഇരിക്കുന്ന ചുരുക്കം ദിനങ്ങൾ കൊണ്ട് സ്വന്തമായും സഹ കൗൺസിലർമാർക്കും പരമാവധി ഊറ്റിയെടുത്ത് നൽകി തന്റെ പ്രവർത്തനകാലയളവ് സ്വർണ്ണ ലിപികളാൽ അടയാളപ്പെടുത്തുന്നതിന് വേണ്ടി പീറ്റർ ഇനി എന്തൊക്കെ ചെയ്യുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഏതായാലും അട്ടയുടെ കണ്ണ് കണ്ട കച്ചവടക്കാരൻ എന്നറിയപ്പെടുന്ന പീറ്ററുടെ സ്ഥാനലബ്ദ്ധി ഇതുകൊണ്ടുതന്നെ ഭരണകക്ഷി കൗൺസിലർമാർക്ക് ആവേശമായി മാറുകയാണ്.

















