കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം കൈവരിച്ചു. എൽഡിഎഫും യുഡിഎഫും 2020 ഒപ്പത്തിനൊപ്പം ആയിരുന്നു എങ്കിലും ടോസിന്റെ ആനുകൂല്യത്തിലാണ് യുഡിഎഫ് നഗരസഭ ഭരണം നിലനിർത്തിയത്.
ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് ഒരു പുരുഷ ചെയർമാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. 2015 – 20 കാലഘട്ടത്തിൽ നഗരസഭ അധ്യക്ഷ പദവി കോട്ടയത്ത് പിന്നോക്ക സംവരണം ആയിരുന്നു. യുഡിഎഫ് പാളയത്തിൽ നിന്ന് പിന്നോക്ക വിഭാഗത്തിൽ നിന്ന് വിജയിച്ച ഏക സ്ഥാനാർത്ഥി ഡോക്ടർ സോനയാണ് ഇതിനാൽ അഞ്ചുവർഷവും അധ്യക്ഷപദവി അലങ്കരിച്ചത്. 2020 – 25 കാലഘട്ടത്തിൽ വിമത സ്ഥാനാർത്ഥിയായ ബിൻസി സെബാസ്റ്റ്യൻ ആനുകൂല്യത്തിൽ ഭരണം നേടിയത് കൊണ്ട് തന്നെ അഞ്ചു വർഷക്കാലവും അവർക്ക് അധ്യക്ഷപദവി കൊടുക്കേണ്ടി വന്നു. ഇത്തവണ അതിനാൽ തന്നെ യുഡിഎഫിൽ നിന്ന് ഒരു പുരുഷപ്രതിനിധി ചെയർമാൻ സ്ഥാനത്തേക്ക് എത്തും എന്ന കാര്യത്തിൽ തർക്കമില്ല.
മുതിർന്ന കൗൺസിലറും മുൻ ചെയർമാനുമായ സന്തോഷ് കുമാറിന്റെയും, ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ദീർഘകാലമായി കൗൺസിലറുമായ ടി സി റോയിയുടെയും എല്ലാം പേര് ഇതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ യുഡിഎഫിന് വേണ്ടത് പരിചയസമ്പത്തിന്റെ ആനുകൂല്യമുള്ള ഒരു യുവ ചെയർമാനെ ആണ് എന്ന് അഭിപ്രായമാണ ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. രണ്ടാം വട്ടം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് ടോം കോര എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പേരാണ് ചെയർമാൻ സ്ഥാനത്തേക്ക് ഇത്തരത്തിൽ ഉയർത്തിക്കാട്ടപ്പെടുന്നത്.
വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിൽ
ഈ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് യുവ നേതാവായ ടോം കോര പുത്തനങ്ങാടി വാർഡിൽ നിന്ന് വിജയിച്ചുകയറിയത്. ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാവും ചെയർമാൻ സ്ഥാനാർഥിയുമായ സച്ചിദാനന്ത നായ്ക്കിനെയാണ് ടോം പരാജയപ്പെടുത്തിയത്. 2020 സിപിഎമ്മിന്റെ ഹെവി വെയ്റ്റ് ആയിരുന്ന പ്രമുഖ നേതാവ് സത്യനേശനെയാണ് ടോം പരാജയപ്പെടുത്തിയത്. ഇത്തരത്തിൽ ജയന്റ് കില്ലറായ മികച്ച പ്രതിച്ഛായയുള്ള ആദർശവാനായ യുവ നേതാവിനെ അധ്യക്ഷ പദവിയിൽ എത്തിച്ചാൽ അത് കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. വൈഎംസിഎ യിലേക്ക് മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച പശ്ചാത്തലവും ടോം കോരക്കുണ്ട്.
സിപിഎം വിരോധം മൂലം അഴിമതി ആരോപണങ്ങൾ മറന്ന് ജനം
കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ ഉദ്യോഗസ്ഥത തലത്തിൽ ഉണ്ടായ നഗരസഭയാണ് കോട്ടയം. സിപിഎമ്മും ബിജെപിയും ഈ ആരോപണങ്ങൾ ഉയർത്തി ഭരണസമിതിയെ വലിയ രീതിയിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. കോൺഗ്രസിനുള്ളിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള വടംവലിയും നഗരസഭാ ഭരണത്തിൽ യുഡിഎഫിന് വലിയ നാണക്കേടും പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ എല്ലാം പൊറുത്ത് ജനം നൽകിയ വിജയത്തിന് അർഹമായ ഭരണാധികാരികളെയും മികച്ച ഭരണസമിതിയെയും ജനങ്ങൾക്ക് തിരികെ നൽകണമെന്ന് അഭിപ്രായം കോൺഗ്രസിലെ ഒരു വിഭാഗം ശക്തിയായി ഉയർത്തുകയാണ്.

















